തൃശ്ശൂര്‍: ( www.truevisionnews.com ) മേയര്‍ പദവി പണം നല്‍കി സ്വന്തമാക്കിയതാണെന്ന കോണ്‍ഗ്രസ് നേതാവ് ലാലി ജെയിംസിന്റെ ആരോപണം തള്ളി മേയര്‍ സ്ഥാനാര്‍ത്ഥി ഡോ. നിജി ജസ്റ്റിന്‍. താന്‍ 28 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് സംസ്ഥാന ജില്ലാ തലങ്ങളില്‍ ചുമതലകള്‍ വഹിച്ചുവരുന്നയാളാണെന്ന് നിജി ജസ്റ്റിന്‍ പറഞ്ഞു. നിജി ജസ്റ്റിന്‍ മേയര്‍ ആയത് പണം നല്‍കിയാണ് എന്ന അഭ്യൂഹം ഉണ്ടെന്ന ഗുരുതര വെളിപ്പെടുത്തലായിരുന്നു ലാലി നടത്തിയത്.
എന്നാല്‍ 1999 മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും വിവാദങ്ങളില്‍ പകയ്ക്കുന്നയാളല്ലെന്നും നിജി ജസ്റ്റിന്‍ പ്രതികരിച്ചു. 'അടുത്ത ദിവസങ്ങളില്‍ ഡല്‍ഹിയ്ക്ക് പോയിട്ടില്ല. നിങ്ങള്‍ക്ക് എന്റെ യാത്രാ വിവരങ്ങള്‍ അന്വേഷിക്കാം. വിവാദങ്ങളില്‍ ഇന്ന് പ്രതികരിക്കാനില്ല. നല്ലൊരു ദിവസമാണിന്ന്.
മുന്നോട്ടുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വിവാദങ്ങളെല്ലാം നേരിട്ട് തന്നെയാണ് വന്നത്. വിവാദങ്ങളില്‍ പകയ്ക്കുന്നയാളല്ല. 28 വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തകയാണ്. സ്ഥാനമാനങ്ങള്‍ വരും പോകും', നിജി ജസ്റ്റിന്‍ പറഞ്ഞു.
മേയര്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെയും വോട്ട് തനിക്ക് കിട്ടും. അതില്‍ കൂടുതലും കിട്ടാന്‍ സാധ്യതയുണ്ട്. ലാലിയോട് ഒന്നും പറയാന്‍ ഇല്ല. പറയേണ്ടത് പാര്‍ട്ടി പറയും എന്നായിരുന്നു നിജിയുടെ പ്രതികരണം. മൂന്ന് ദിവസം മുമ്പ് നിജി ജസ്റ്റിനും ഭര്‍ത്താവും പെട്ടിയുമായി പോകുന്നുവെന്ന് കണ്ടതായി ആരോപണമുണ്ടെന്നും
കെ സി വേണുഗോപാലിന്റെ ഗ്രൂപ്പില്‍പ്പെട്ട തൃശ്ശൂര്‍ ജില്ലയിലെ നേതാക്കള്‍ക്കാണ് പണം നല്‍കിയതെന്ന അഭ്യൂഹമുണ്ടെന്നും ലാലി ജെയിംസ് വെളിപ്പെടുത്തിയിരുന്നു. മേയര്‍ ആകുന്നതിന് തനിക്ക് തടസ്സമായത് പണം ഇല്ലായ്മ ആണെന്നും ലാലി ജെയിംസ് ആരോപിച്ചിരുന്നു.
thrissur mayor candidate dr niji justin refutes lali jamess allegation





























