കോഴിക്കോട്:(https://truevisionnews.com/) മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള എഐ ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതിന് കേസ്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂർ പോലീസ് കേസ് എടുത്തിരിക്കുന്നത്. ഒരു എഐ ചിത്രം ഉൾപ്പെടെയുള്ള ഫോട്ടോകളാണ് ഇദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.
മുഖ്യമന്ത്രിയും ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചു നിൽക്കുന്ന ചിത്രമായിരുന്നു എൻ സുബ്രഹ്മണ്യൻ പങ്കുവെച്ചത്. പിണറായിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാൻ എന്തായിരിക്കും കാരണമെന്ന ചോദ്യവും ഇദ്ദേഹം ക്യാപ്ഷനിൽ പങ്കുവെച്ചു.
ഇതോടെയാണ് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാകണമെന്ന ലക്ഷ്യത്തോടെ പോസ്റ്റ് പങ്കുവെച്ചു എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് പോലീസ് ഇദ്ദേഹത്തിനെതിരെ കേസെടുക്കുന്നത്. ബിഎൻഎസ് 192, കെപിഎ 120 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
അതേസമയം, മുഖ്യമന്ത്രിക്കൊപ്പം ഉണ്ണിക്കൃഷ്ണൻ പോറ്റി നിൽക്കുന്നതായി അടൂർ പ്രകാശ് പ്രചരിപ്പിച്ച ചിത്രം എഐ ഉപയോഗിച്ചു നിർമിച്ചതാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. സോണിയാ ഗാന്ധിയുമായി പോറ്റി നടത്തിയ കൂടിക്കാഴ്ച ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കണം. ഈ വിഷയങ്ങളിൽ അടൂർ പ്രകാശിന് മറുപടിയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Pinarayi Vijayan and Unnikrishnan Potty shared a picture together; Case filed against Congress leader




























