തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരത്തേക്ക് രാത്രി യാത്രചെയ്ത വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന പരാതിയിൽ നടപടി. കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ കണ്ടക്ടറെ സർവീസിൽ നിന്നും നീക്കം ചെയ്തു.
ഇന്നലെ രാത്രിയിൽ തൃശ്ശൂർ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ RPE 546(SF) ബസിൽ അങ്കമാലിക്കും മുരിങ്ങൂരിനും ഇടയ്ക്കുള്ള 'പൊങ്ങം' എന്ന സ്ഥലത്ത് ഇറങ്ങേണ്ടിയിരുന്ന വിദ്യാർത്ഥിനികളെ ഈ സ്റ്റോപ്പിൽ ഇറക്കാതെ ചാലക്കുടി ബസ് സ്റ്റാൻഡിൽ ഇറക്കുകയായിരുന്നു.
ഈ വിഷയത്തെക്കുറിച്ച് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ രാത്രികാലങ്ങളിൽ വനിതാ യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പിൽ ബസ് നിർത്തണം എന്ന ഉത്തരവ് നിലനിൽക്കെ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ RPE 546 ബസിലെ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം ഉള്ളതായി കണ്ടെത്തുകയായിരുന്നു.
ഇനിയും ഇത്തരത്തിൽ നിരുത്തരവാദപരമായ പ്രവർത്തികൾ കെഎസ്ആർടിസി ജീവനക്കാരുടെഭാഗത്തുനിന്നുണ്ടാകുന്നപക്ഷം കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണര്‍ വ്യക്തമാക്കി.
കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റ് ബസിൽ രാത്രി യാത്ര ചെയ്‌ത രണ്ട് പെൺകുട്ടികളെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്നായിരുന്നു പരാതി. പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥികളായ ഇടുക്കി സ്വദേശി ഐശ്വര്യ എസ് നായർ, പത്തനംതിട്ട സ്വദേശി ആൽഫ പി ജോർജ് എന്നിവർക്കാണ് ഇന്നലെ രാത്രി 9.30ഓടെ ദുരനുഭവമുണ്ടായത്.
കൊരട്ടിക്കടുത്ത് പൊങ്ങത്ത് ഇറങ്ങാനായി ബസ് നിർത്തി നൽകാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയാറാകാതെ വന്നതോടെ ബസിൽ കുട്ടികൾ കരച്ചിലായി. പെൺകുട്ടികളുടെ കണ്ണീർ കണ്ടിട്ടും കണ്ടക്ടററുടെയും ഡ്രൈവറുടെയും മനസലിഞ്ഞില്ല. സഹയാത്രികർ പ്രതിഷേധിച്ചു. പഠനാവശ്യത്തിനായി എറണാകുളത്തു പോയി മടങ്ങുന്നതിനിടെയാണ് പെൺകുട്ടികൾക്ക് ദുരനുഭവം ഉണ്ടായത്.
Action taken against KSRTC conductor for not dropping off students who traveled at night at the requested stop


































