കാലടി ( എറണാകുളം ) : ( www.truevisionnews.com ) അയ്യമ്പുഴയിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ.
ബംഗാൾ മുർഷിദാബാദ് റാണിനഗർ സ്വദേശി സാഹിദുൽ ഇസ്‍ലാം (30), ബംഗാൾ മാൽഡ സ്വദേശി മുഹമ്മദ് അൻബർ (30) എന്നിവരെയാണു പെരുമ്പാവൂർ എഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും അയ്യമ്പുഴ പൊലീസും ചേർന്നു പിടികൂടിയത്.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണു ഇവരെ കസ്റ്റഡിയിലെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗം ആലുവയിലെത്തി അവിടെനിന്ന് ഓട്ടോറിക്ഷയിലാണ് കഞ്ചാവ് എത്തിച്ചത്.
അയ്യമ്പുഴ ഒലിവ് മൗണ്ട് എന്ന സ്ഥലത്ത് വെച്ച് ഇവരെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. വാഹനം കൈകാണിച്ച് നിർത്താൻ പൊലീസ് ശ്രമിച്ചപ്പോൾ ഇവർ ഇറങ്ങി ഓടാൻ ശ്രമിച്ചു. പൊലീസ് പിന്തുടർന്നാണ് പിടികൂടിയത്.
പിടികൂടാതിരിക്കാൻ ഊടുവഴികളിലൂടെയായിരുന്നു യാത്ര. ഒഡീഷയിൽ നിന്നും കിലോയ്ക്ക് 3000 രൂപ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് 25000 രൂപ നിരക്കിൽ വിൽപ്പന നടത്തി തിരികെ ബംഗാളിലേക്ക് മടങ്ങുന്നത് ആയിരുന്നു ഇവരുടെ രീതി. ഒന്നാംപ്രതി സഹിദുൽ ഇസ്‍ലാമിനെ ഈ വർഷം കാലടി പൊലീസ് സ്റ്റേഷനിൽ 16 കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു.
Two arrested with 37 kg of ganja kaladi


































