കോഴിക്കോട്: ( www.truevisionnews.com ) വടകരയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ യുട്യൂബറുമായി ബന്ധപ്പെട്ട സൈബർ തട്ടിപ്പ് കേസ് ചുരുളഴിയുന്നത് ‘മ്യൂൾ’ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചു നടന്ന കോടികളുടെ തട്ടിപ്പിലേക്കെന്നു സൂചന.
ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് കഴിഞ്ഞ ദിവസം യുട്യൂബർ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്‌ലിയെ(30) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ലുക്ക് ഔട്ട് സർക്കുലർ പ്രകാരം ഡിസംബർ 16 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് ചൈനയിൽ നിന്നെത്തിയ ബ്ലെസ്‌ലിയെ തടഞ്ഞു വച്ച് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസിൽ റിമാൻഡ് ചെയ്ത ബ്ലെസ്‌ലിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകിയിരിക്കുകയാണ്.
വിവിധ കമ്പനികൾക്കായി ഓൺലൈൻ പ്രമോഷനൽ വീഡിയോകൾ ചെയ്യുന്നതിന് അവസരം നൽകാമെന്നും അതിനായി തന്റെ കമ്പനിയിലെ ഓഹരിവാങ്ങാമെന്നും മറ്റും പറഞ്ഞാണ് വൻതുക നിക്ഷേപമായി ബ്ലെസ്‌ലി വാങ്ങിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇതു കൂടാതെ ടെലഗ്രാമിലൂടെ ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയതായാണ് വിവരം. 5.15 ലക്ഷം രൂപ തട്ടിയതുമായി ബന്ധപ്പെട്ട് കാക്കൂർ പൊലീസിൽ ഇക്കഴിഞ്ഞ ജൂണിൽ നൽകിയ പരാതിയിൽ തുടങ്ങിയ അന്വേഷണത്തിൽ ഏകദേശം 114 കോടി രൂപയുടെ തട്ടിപ്പുകൾ കണ്ടെത്തി എന്നാണ് വിവരം.
കൊടുവള്ളി, കോടഞ്ചേരി തുടങ്ങിയ ഇടങ്ങളിൽ നിന്നു പുതിയതായി വന്ന പരാതികൾ കൂടി കണക്കിലെടുക്കുമ്പോൾ ഇതിന്റെ പലമടങ്ങായി തട്ടിപ്പുതുക ഉയരാനിടയുണ്ട്.
വിവിധ അക്കൗണ്ടുകളിലേക്ക് ബ്ലെസ്‌ലി പണം കൈമാറിയ രേഖകളും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. വിവിധ മ്യൂൾ അക്കൗണ്ടുകളിലൂടെയാണ് ഭീമമായ തുക കൈമാറ്റം ചെയ്തതെന്നാണ് വിലയിരുത്തൽ.
ഇത്തരത്തിൽ ലഭിച്ച തുക ക്രിപ്റ്റോ കറൻസിയായി മാറ്റിയ ശേഷം ചൈനയിലും കംബോഡിയയിലുമുള്ള വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയതായും സംശയിക്കുന്നുണ്ട്. സംഭവത്തിൽ കേന്ദ്ര എജൻസികളും അന്വേഷണം ആരംഭിച്ചതായാണ് വിവരം.
ഡിവൈഎസ്‌പി വി.വി.ബെന്നിയുടെ നേതൃത്വത്തിൽ മൂന്നു മാസം മുൻപാണ് ക്രൈംബ്രാഞ്ച് കേസിൽ അന്വേഷണം തുടങ്ങിയത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ നൂറോളം അക്കൗണ്ടുകൾ വഴി തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ.
റിയാലിറ്റി ഷോയിലൂടെ നേടിയ പ്രശസ്തിയാണ് സോഷ്യൽ മീഡിയയിലൂടെ നിരവധി ബിസിനസ് സംരംഭങ്ങളിലേക്ക് നിക്ഷേപകരെ ആകർഷിച്ച് തട്ടിപ്പിന് ഉപയോഗിച്ചതെന്നാണ് സൂചന.
ബ്ലെസ്‌ലിയെ വെള്ളിയാഴ്ച കസ്റ്റഡിയിൽ വാങ്ങുമെന്ന് കേസ് അന്വേഷണത്തിന്റെ ചുമതലയുളള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.വി.ബെന്നി പറഞ്ഞു. ഇരുപതോളം പേർ ഉൾപ്പെട്ട തട്ടിപ്പാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഇതിൽ 12 പേർ പിടിയിലായി. നാലു പേർ റിമാൻഡിലാണ്. ചിലർ വിദേശത്തേക്ക് കടന്നതായാണ് വിവരം.
Online fraud in Vadakara, Blessley and his associates swindled Rs 114 crore, money transfer through mule account?



































