ജിതിന്‍.കെ.ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിൽ അഭിനയിച്ച ഏറ്റവും പുതിയ ക്രൈം ത്രില്ലർ ചിത്രം 'കളങ്കാവൽ' കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി വില്ലൻ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇപ്പോഴിതാ, സിനിമയെയും അഭിനേതാക്കളെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
'കളങ്കാവൽ: ധീരമായ പരീക്ഷണം. മലയാള സിനിമയുടെ നിലവാരം കൂടുതൽ മികവിലേക്ക് ഉയർത്തുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് ധൈര്യമായി ചേർത്തുവെക്കാവുന്ന ഒന്നാണ് ഈ ചിത്രം. നമ്മുടെ പ്രിയപ്പെട്ട മമ്മൂക്കയും വിനായകനും വെള്ളിത്തിരയിൽ മത്സരിച്ച് അഭിനയിക്കുന്ന കാഴ്ചയാണ് കളങ്കാവലിൽ കണ്ടത്. കാലം ചെല്ലുന്തോറും അഭിനയത്തിന്റെ പുതുതലങ്ങൾ തേടുന്ന മമ്മൂക്കയുടെ ധൈര്യവും അർപ്പണബോധവും അത്ഭുതപ്പെടുത്തുന്നു. അതിസൂക്ഷ്മമായ ഭാവഭേദങ്ങൾ കൊണ്ട് അദ്ദേഹം തന്റെ കഥാപാത്രത്തെ അവിസ്മരണീയമാക്കി.
അതുപോലെ തന്നെ എടുത്തു പറയേണ്ടതാണ് വിനായകന്റെ പ്രകടനം. പച്ചയായ മനുഷ്യജീവിതങ്ങളെ, അതിന്റെ എല്ലാ തീവ്രതയോടും കൂടി സ്ക്രീനിലെത്തിക്കാൻ വിനായകനുള്ള കഴിവ് അപാരമാണ്. മമ്മൂക്കക്കൊപ്പം ഒട്ടും പിന്നിലല്ലാതെ കട്ടക്ക് നിൽക്കുന്ന പ്രകടനമാണ് വിനായകൻ കാഴ്ചവെച്ചിരിക്കുന്നത്. ശക്തമായ പ്രമേയവും മികച്ച അവതരണവും കൊണ്ട് കളങ്കാവൽ പ്രേക്ഷകമനസ്സിൽ ഇടംപിടിക്കുമെന്നതിൽ സംശയമില്ല. ഈ നല്ല സിനിമക്ക് പിന്നിൽ പ്രവർത്തിച്ച സംവിധായകനും മറ്റ് അണിയറപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നല്ല സിനിമകൾ വിജയിക്കട്ടെ' -ശിവൻകുട്ടി പറഞ്ഞു.
ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ചിത്രം ആദ്യ ദിവസം തന്നെ മികച്ച കലക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 'കളങ്കാവൽ' ആദ്യ ദിനം 4.75 കോടി രൂപ നേടി. ചിത്രത്തിൽ എസ്.ഐ. ജയകൃഷ്ണനായി വിനായകനും സ്റ്റാൻലി ദാസായി മമ്മൂട്ടിയും അഭിനയിക്കുന്നു. ജിബിൻ ഗോപിനാഥ്, രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ആദ്യം നവംബർ 27ന് തിയറ്ററിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ അഞ്ചിലേക്ക് നീട്ടുകയായിരുന്നു. ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് ആണ്.
2000ത്തിന്‍റെ തുടക്കത്തിൽ കേരളത്തിൽ നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ദുൽഖർ നായകനായെത്തിയ കുറുപ്പിന്‍റെ കഥ ഒരുക്കിയതും ജിതിൻ.കെ.ജോസാണ്.
minister v sivankuttys facebook post about kalangaval




























