കൊയിലാണ്ടി: (https://truevisionnews.com/) പാലക്കാട് ജില്ലയിലെ അട്ടപ്പാടി പ്രദേശത്തെ ഇരുള സമുദായക്കാർ അവതരിപ്പിക്കുന്ന പരമ്പരാഗത നാടൻ കലാരൂപമായ ഇരുള നൃത്തത്തിൻ്റെ മത്സര വേദികളിൽ തനിമ ചോരുന്നതായി പരിശീലകർ പറയുന്നു.
ഇത് ആഘോഷ നൃത്തമായി പലയിടങ്ങളിലും മാറ്റുകയാണ്, സാംസ്കാരിക പ്രാധാന്യവും ലഭിക്കാതെ വരുന്നു. പുതുകൃഷിയോടനുബന്ധിച്ചും ജനനം, വിവാഹം, മരണം എന്നിവയോടനുബന്ധിച്ചുമെല്ലാം ഈ സമുദായം ഈ നൃത്തം ആടുന്നു.
പ്രാദേശിക ദേവതയായ മല്ലീശ്വരിയെ പ്രീതിപ്പെടുത്താനുള്ള ആചാരങ്ങളിലും ഗോത്ര അംഗങ്ങളുടെ ശവസംസ്കാര ചടങ്ങുകളിലും ഈ നൃത്തം ആടുന്നു. എന്നാൽ കലോത്സവ വേദികളിൽ ഈ തനത് കല അറിയാത്തവരുടെ പരിശീലനവും, നൃത്തത്തിലെ പദങ്ങളുടെ മാറ്റവും ഈ കലയുടെ തനിമ ഇല്ലാതാകുന്നതായി അട്ടപ്പാടി സ്വദേശിയും പരിശീലകനും അധ്യാപനുമായ ശിവലിംങ്കം പറയുന്നു.
ഓരോ പ്രകടനവും ഏകദേശം ഒന്നര മണിക്കൂർ നീണ്ടുനിൽക്കുമെങ്കിലും മത്സര വേദികളിൽ ഇത് പത്ത് മിനുറ്റ് മാത്രമായി ചുരുങ്ങുന്നതും ഈകലയുടെ ഭംഗി കെടുത്തുകയാണ്.
കന്നടയും മലയാളവും കലർന്ന ഭാഷയാണ് പാട്ടുകളുടെ ഭാഷ. അട്ടപ്പാടി ആദിവാസികളുടെ പ്രാദേശിക ദൈവമായ മല്ലീശ്വരനെ ഉണർത്താനാണ് അവർ നൃത്തം ചെയ്യുന്നത്. 15 ഓളം അംഗങ്ങൾ നൃത്തത്തിൽ അണിചേരും .
കൃഷിയുമായി ബന്ധകെട്ട ആഹ്ലാദ നൃത്തം “കുരുമ്പലം" എന്ന് വിളിക്കുന്നു. ഓരോ അവസരത്തിനും സന്ദർഭത്തിനനുസരിച്ച് വൃത്യസ്‌തയിനം പാട്ടുകളുണ്ട്. തെക്കുമല, വള്ളിവള്ളി, ദുൻപാട്ട് എന്നിവ ഇതിൽ ചിലതാണ്.
നൃത്തത്തിനും സംഗീതത്തിനും തുല്യപ്രാധാന്യമുള്ള കലാരൂപമാണ് ഇരുള നൃത്തം' കലാകാരന്മാർ തുകൽ, മുള മരം മുതലായവ കൊണ്ട് സ്വയം നിർമ്മിച്ച വാദ്യങ്ങളുടെ താളത്തിൽ നൃത്തം ചെയ്യുന്നു. പശ്ചാത്തല സംഗീതത്തിലെ പ്രധാന ഉപകരണം 'കോഗൽ' ആണ്. തമിഴ് വാക്കുകൾ ഉള്ള ഇരുളഭാഷയിലെ പാട്ടിനൊഷം തവിൽ, പറൈ, പീക്കി, ജാലറ എന്നി ഉപകരണങ്ങൾ ഉപയോഗിക്കുന്നു.
Kozhikode Revenue District School Arts Festival, folk art form

































