കണ്ണൂർ: ( www.truevisionnews.com ) ലൈംഗികാരോപണ വിധേയനായ യൂത്ത് കോൺഗ്രസ് മുൻ നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പിന്തുണച്ചതില്‍ നടിമാരായ അനുശ്രീക്കും സീമ ജി. നായർക്കുമെതിരെ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം നേതാവുമായ പി.പി. ദിവ്യ. ജയിലിനുപുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും ഇതുപോലുള്ള ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ ഇവരെ പോലുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവുമെന്നും ദിവ്യ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ എന്ന തലക്കെട്ടോടെയാണ് പി.പി. ദിവ്യയുടെ കുറിപ്പ്. ഇരുവരുടെയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇര ധൈര്യമായി പരാതി നൽകണമെന്നും ഇല്ലെങ്കിൽ കേരളത്തിലെ കോൺഗ്രസ് ഓഫീസുകൾ രാഹുൽ മാങ്കൂട്ടത്തിനെ പോലുള്ള ലൈംഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കുമെന്നും ദിവ്യ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് പിന്തുണയുമായി നടി സീമ ജി.നായർ ഇന്നും രംഗത്തെത്തിയിരുന്നു. രാഹുലിന്റെ പുതിയ ഫോൺ സംഭാഷണങ്ങളും ചാറ്റും പുറത്തുവന്നതിന് പിന്നാലെയാണ് സീമ ജി നായർ ഫേസ്ബുക്ക് പോസ്റ്റിട്ടത്. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം എന്നാൽ, പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും ഇതൊക്കെ കണ്ട് പേടിച്ച് മൂലയിൽ പോയി ഒളിക്കുമെന്ന് കരുതേണ്ടയെന്ന് സീമ ജി.നായർ ഫേസ്ബുക്കിൽ കുറിച്ചു.
"ശുഭദിനം, ഇന്നലെ ചില പ്രശ്നങ്ങൾ വീണ്ടും ഉടലെടുത്തിട്ടുണ്ട്. അതിന്റെ പേരിൽ സൈബർ അറ്റാക്കും തുടങ്ങിയിട്ടുണ്ട്. അതിൽ "തീക്കുട്ടി "എന്ന മുഖമില്ലാത്ത വ്യക്തിയിൽ നിന്നും ഏറ്റവും അധികം ആക്ഷേപിച്ചുകൊണ്ടു എനിക്കെതിരെ പോസ്റ്റ് വന്നിട്ടുണ്ട്. (തീക്കുട്ടി പറയുന്നത് എന്റെ സമയം ആയി എന്നാണ്, ദൈവം തമ്പുരാൻ തീക്കുട്ടിയുടെ രൂപത്തിൽ അവതരിച്ചു എന്നുള്ളത് അടിയൻ അറിഞ്ഞില്ല..
പൊറുക്കണേ മുഖം ഇല്ലാത്ത തമ്പുരാനെ). ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ മൂന്ന് മാസമായി പി.ആർ വർക്ക് ചെയ്യുകയായിരുന്നുവെന്ന്. പിന്നെ ആവശ്യത്തിൽ കൂടുതൽ എഴുതിയിട്ടുണ്ട്. അതിന്റെ താഴെ വന്നു ഈ പോസ്റ്റ് കാത്തിരുന്നതുപോലെ ആക്ഷേപങ്ങൾ വളരെ കൂടുതലുണ്ട്.
ഇനി ഞാൻ പറയട്ടെ, ഏത് തീക്കുട്ടി വന്ന് എന്തെഴുതിയാലും, തേനീച്ചക്കൂട് ഇളകിയപോലെ സൈബർ അറ്റാക്ക് വന്നാലും, ഞാൻ എന്റെ സ്റ്റേറ്റ്മെന്റിൽ ഉറച്ചു നിൽക്കും. (ആദ്യം ഞാൻ രാഹുലിന് വേണ്ടി ഇട്ട പോസ്റ്റിൽ എഴുതിയ വാചകം ഇപ്പോളും എഴുതുന്നു ) അന്നും ഇന്നും പറയുന്നു, തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം, അത് തെറ്റ് ചെയ്താൽ മാത്രം. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല. അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയിൽ പോയി ഞാൻ ഒളിക്കുമെന്നു ഒരു തീക്കുട്ടിയും കരുതണ്ട."- എന്നാണ് സീമ ജി.നായർ ഫേസ്ബുക്കിൽ കുറിച്ചത്.
പി.പി. ദിവ്യയുടെ കുറിപ്പിന്റെ പൂർണ രൂപം:
ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ...
ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവും. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്.. ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ ഒരു പെൺകുട്ടിയോടാണ്... സഹോദരീ നിങ്ങൾ ധൈര്യമായി പരാതി നൽകണം.. കേരള ജനത കൂടെയുണ്ടാവും.. ഇല്ലെങ്കിൽ ഈ കേരളത്തിലെ കോൺഗ്രസ് ഓഫീസുകൾ രാഹുൽ മാങ്കൂട്ടത്തിനെ പോലുള്ള ലൈഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും. നിയമസഭയിൽ അവർ ഞെളിഞ്ഞിരിക്കും... സീമാ, ജി നായരും, അനുശ്രീ മാരും സംരക്ഷണം ഒരുക്കും.
ഇരയോടാണ്.... നിങ്ങൾ ധൈര്യമായി ഇറങ്ങു... അമ്മയെയും, പെങ്ങളെയും, ഭാര്യയെയും തിരിച്ചറിയാൻ സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാർട്ടിയിലും പെട്ട)
മനുഷ്യർ നിനക്കൊപ്പം ഉണ്ടാകും.. ഈ സർക്കാരും.
pp divya against anusree and seema g nair


































