മലപ്പുറം: ( www.truevisionnews.com ) ഞെട്ടിക്കുന്ന വിവരങ്ങളാണ് ശബരിമല സ്വർണകൊള്ള സംബന്ധിച്ച് പുറത്ത് വരുന്നതെന്ന് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ശബരിമലയിലെ ഒരുതരി സ്വർണം പോലും നഷ്ടമാകില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത്. ഇപ്പോൾ ശബരിമലയിൽ ഒരു തരി സ്വർണം പോലും ബാക്കിയില്ലാത്ത സ്ഥിതിയാണ് ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരിക്കുമ്പോഴാണ് ശബരിമലയിൽ സ്വർണക്കൊളള നടന്നത്. വാതിലടക്കം അടിച്ച് കൊണ്ട് പോവുകയാണ് ചെയ്തത്. രാഷ്ട്രീയപാരമ്പര്യമുള്ളവരാണ് അതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് പത്മകുമാറിന്റെ അറസ്റ്റോടെ വ്യക്തമാകുന്നത്. അയ്യപ്പവിശ്വാസികൾക്ക് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണ് ശബരിമലയിൽ ഉണ്ടായതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഹൈകോടതി മേൽനോട്ടത്തിലുള്ള അന്വേഷണമായതിനാലാണ് ഇതെല്ലാം പുറത്ത് വന്നത്. അല്ലെങ്കിൽ ഈ വിവരങ്ങളൊന്നും പുറത്ത് വരില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ദേവസ്വം ബോർഡിന്റേത് സ്വതന്ത്ര തീരുമാനമാണെന്നും അത് സർക്കാർ അറിയണമെന്നില്ലെന്നും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്വർണക്കൊള്ളയുമായി ഒരു ബന്ധവുമില്ലെന്നും ഇതുസംബന്ധിച്ച ഒരു ഫയലും തന്റെ മുന്നിൽ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണത്തിനായി എസ്ഐടിയെ നിയോഗിച്ചത് ഹൈക്കോടതിയാണ്. കുറ്റപത്രം സമർപ്പിക്കും വരെ കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്.
സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍. ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കട്ടിള പാളി കേസിൽ ബോർഡിൻ്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് എസ്ഐടിയുടെ പ്രാഥമിക കണ്ടെത്തൽ. കേസില്‍ എട്ടാം പ്രതിയായി എ പത്മകുമാര്‍ അധ്യക്ഷനായ 2019ലെ ബോര്‍ഡിനെ പ്രതി ചേര്‍ത്തിരുന്നു. ബോർഡിൻ്റെ അറിവോടെയാണ് പാളികൾ ഇളക്കിയെടുത്ത് പോറ്റിക്ക് കൊടുത്തത് എന്നാണ് എസ്ഐടി തയ്യാറാക്കിയ എഫ് ഐ ആർ.
pk kunhalikutty says padmakumar committed a mistake that is unforgivable to ayyappa devotees




























