കണ്ണൂർ: ( www.truevisionnews.com) കണ്ണൂർ നടുവിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരു മരണം. ഛത്തീസ്ഗഢ് സ്വദേശി നന്ദുലാൽ (22) ആണ് മരിച്ചത്. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. താവുകുന്നിൽ വെച്ചാണ് നിയന്ത്രണം വിട്ട ലോറി മറിഞ്ഞത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്.
കുഴൽക്കിണറിന്റെ ജോലി കഴിഞ്ഞ് വരികയായിരുന്ന ഛത്തീസ്ഗഢ് സ്വദേശികളായ എട്ട് പേരായിരുന്നു ലോറിയിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ലോറി ഒരു തോട്ടത്തിലേക്കാണ് മറിഞ്ഞത്. അവിടെ ഒരു മരത്തിൽ തട്ടി നിൽക്കുകയായിരുന്നു. ലോറിക്കകത്ത് മുൻ വശത്തെ കാബിനിലും പിറകുവശത്തുമായിട്ടായിരുന്നു തൊഴിലാളികൾ ഉണ്ടായിരുന്നത്.
അപകടത്തിൽ ഒരാൾ ലോറിക്ക് അടിയിലേക്ക് പോയിരുന്നു. ആദ്യഘട്ടത്തിൽ നാട്ടുകാരും പിന്നീട് ഫയർഫോഴ്സുമെത്തി ലോറി വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. എന്നാൽ, ഒരാളെ പുറത്തെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.
പിന്നീട് ക്രെയിൻ എത്തിച്ച് ലോറി ഉയർത്തിയ ശേഷമാണ് അടയിൽ അകപ്പെട്ടിരുന്ന ആളെ പുറത്തെത്തിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Accident in Kannur, one dead after lorry overturns

































