പത്തനംതിട്ട: (https://truevisionnews.com/) ശബരിമല സ്വർണ മോഷണ കേസില്‍ ദേവസ്വം മുൻ പ്രസിഡൻ്റ് എ പത്മകുമാർ അറസ്റ്റിൽ . പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തിന് പിന്നാലെയാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യൽ. എസ്ഐടി തലവൻ എസ്‌പി ശശിധരൻ്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി എ പത്മകുമാറിന് മുമ്പ് രണ്ട് തവണ എസ്ഐടി നോട്ടിസ് നൽകിയിരുന്നു. എൻ വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടിസ് അയച്ചത്.
എൻ വാസു ദേവസ്വം ബോർഡ് കമ്മിഷണറായിരിക്കെ പത്മകുമാറായിരുന്നു ദേവസ്വം ബോർഡ് അധ്യക്ഷൻ. ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ഒത്താശ ചെയ്‌തത് പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ.
പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്. 2019ൽ ആണ് ദേവസ്വം ബോർഡ് പ്രസിഡൻ്റായി എ പത്മകുമാർ സേവനമനുഷ്ഠിച്ചത്.
അതേസമയം, നേരത്തെ അറസ്റ്റിലായ മുൻ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എൻ വാസുവിനെ കസ്റ്റഡിയില്‍ വിട്ടു. കൊല്ലം വിജിലൻസ് കോടതി ഒരു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
കൊട്ടാരക്കര സബ് ജയിലിൽ കഴിഞ്ഞിരുന്ന വാസുവിനെ പൊലീസിൻ്റെ വൻ സുരക്ഷയിലാണ് കോടതിയിൽ എത്തിച്ചത്. പിന്നാലെ കസ്റ്റഡിയിലായ വാസുവിനെ കൊണ്ടു പോയ പൊലീസ് വാഹനത്തിന് മുൻപില്‍ ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
Sabarimala gold theft: APadmakumar arrested




























