തിരുവനന്തപുരം : ( www.truevisionnews.com ) നാളികേര വിപണിയിൽ ദീർഘ കാലത്തിന് ശേഷം ഉണ്ടായ ഉണർവ്വ് കർഷകർക്ക് വലിയ പ്രതീക്ഷ നൽകി. കൃഷി ഉപേക്ഷിച്ചവരും വളവും പരിപാലനവും നിർത്തിയവരും വീണ്ടും തെങ്ങിന് നേരെ തിരിഞ്ഞു. പക്ഷെ വെളിച്ചെണ്ണവിലയെ ചൊല്ലി ഭക്ഷ്യവിപണിയിൽ നിന്നുണ്ടാവുന്ന സമ്മർദ്ദം നാളികേര കർഷകരുടെ തുടർ പ്രതീക്ഷകളെ എപ്പോഴും തിരിഞ്ഞ് കുത്തുന്നതാണ് പതിവ്.
അങ്ങിനെ നാളികേരം ഒന്ന് തളർന്നപ്പോൾ കവുങ്ങ് പുതിയ പ്രതീക്ഷയാവുകയാണ്. വിപണിയിലെ വെറും കയറ്റിറക്കമല്ല. ആവശ്യകത കൂടുന്നു എന്നാണ് സൂചനകൾ. വ്യാവസായിക ആവശ്യങ്ങളിൽ കാർഷിക വസ്തുവായ അടയ്ക്കയ്ക്ക് ഡിമാന്റ് വർധിച്ചു.
ഇതോടെ കൊട്ടടയ്ക്കയുടെ വില ഉയരുന്നു. കഴിഞ്ഞ സീസണിൽ തളർച്ചയിലായിരുന്ന വിപണി ഉണർന്ന് വില 495-520 രൂപയിലെത്തി. മേൽത്തരം പഴയ കൊട്ടടയ്ക്ക കിലോയ്ക്ക് 100 രൂപയോളം വർധിച്ചു. കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 450 രൂപ വരെ ഉയർന്ന വില കൂപ്പുകുത്തിയതോടെ കർഷകർ നിരാശയിലായിരുന്നു. ഇപ്പോള്‍ ഉയർച്ച 495-520 രൂപയിലെത്തി.
പുതിയ അടയ്ക്കയുടെ വില ക്വിന്റലിന് 40,000- 50,000 വരെ എത്തി. കിലോയ്ക്ക് 400 രൂപവരെ ലഭിക്കുന്നു. കരിങ്കോട്ട, ഉള്ളി, ഫട്ടോറ് എന്നിങ്ങനെ ഗുണനിലവാരം കുറഞ്ഞ തിരിവ് ഇനങ്ങളുടെ വിലയിലും വർധനയുണ്ട്.
പെയിന്റ് കമ്പനികള്‍ വർധിച്ചതാണ് അടക്കയുടെ നല്ല കാലത്തിന് കാരണമായി പറയുന്നത്. പാക്ക് നിർമ്മാണത്തിന് പുറമെ പെയിന്റ് നിർമാണത്തിനും അടയ്ക്ക കാര്യമായി ഉപയോഗിക്കുന്നു. ഇറക്കുമതിയിലുണ്ടായ കുറവുമൂലം ഉത്തരേന്ത്യൻ വിപണിയിൽ വലിയ ഡിമാന്റ് നിലനിൽക്കുന്നുണ്ട്.
rising arecanut prices are revitalising the sector

































