(moviemax.in) സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ കുട്ടികളുടെ ചിത്രത്തിനോ ബാലതാരത്തിനോ അവാർഡ് നൽകാത്തതിനെതിരെ രൂക്ഷ വിമർശനവുമായി ബാലതാരം ദേവനന്ദ രംഗത്ത്. കുട്ടികളും സമൂഹത്തിന്റെ ഭാഗമാണെന്നും അവർക്കും അവസരം ലഭിക്കണമെന്നും ദേവനന്ദ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ജൂറി കണ്ണടച്ചത് വരുന്ന തലമുറയ്ക്ക് നേരെയാണെന്നും, അവാർഡ് നിഷേധിച്ചുകൊണ്ടല്ല കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണമെന്ന് പറയേണ്ടതെന്നും ദേവനന്ദ വിമർശിച്ചു.
ഈ വർഷം ബാലതാരങ്ങൾക്കുള്ള പുരസ്കാരത്തിൽ ആരെയും ഉൾപ്പെടുത്തിയിട്ടില്ലെന്നും, കുട്ടികളുടെ ചിത്രം നിർമ്മിക്കുന്നതിനെക്കുറിച്ച് സിനിമാ മേഖലയിലുള്ളവർ ചിന്തിക്കണമെന്നുമായിരുന്നു ജൂറി ചെയർമാൻ പ്രകാശ് രാജ് പ്രതികരിച്ചത്. എന്നാൽ, 'സ്ഥാനാർത്ഥി ശ്രീക്കുട്ടൻ', 'ഗു', 'ഫീനിക്സ്', 'എ.ആർ.എം' അടക്കമുള്ള നിരവധി സിനിമകളിൽ മികച്ച ബാലതാരങ്ങൾ അഭിനയിച്ചിട്ടുണ്ടെന്ന് ദേവനന്ദ ചൂണ്ടിക്കാട്ടി.
"നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ, പക്ഷെ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത്. കുട്ടികളും ഈ സമൂഹത്തിൻ്റെ ഭാഗമാണ്. രണ്ടു കുട്ടികൾക്ക് അവാർഡ് നൽകിയിരുന്നു എങ്കിൽ ഒരുപാട് കുട്ടികൾക്ക് അത് ഊർജ്ജമായി മാറിയേനെ," ദേവനന്ദ ഫേസ്ബുക്കിൽ കുറിച്ചു. കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണമെന്ന് പറയേണ്ടത് അവാർഡ് നിഷേധിച്ച് കൊണ്ടല്ലെന്നും, കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷമുണ്ടെന്നും ദേവനന്ദ പറയുന്നു.
ഇതേ തുടർന്ന്, അവാർഡ് നിഷേധിച്ച ജൂറിയുടെ നിലപാടിനെതിരെ കൂടുതൽ പേർ രംഗത്തെത്തി. കുട്ടികൾ കേന്ദ്രകഥാപാത്രങ്ങളായി വന്ന 'സ്ഥാനാർത്ഥി ശ്രീക്കുട്ടൻ' സിനിമയുടെ അണിയറ പ്രവർത്തകരും പ്രതിഷേധം രേഖപ്പെടുത്തി. "മികച്ച ബാലതാരത്തിന് അർഹമായ എൻട്രികളൊന്നുമില്ലാത്ത ലോകത്ത് അവർ തലയുയർത്തി നിൽക്കുന്നു," എന്ന് സിനിമയുടെ ക്ലൈമാക്സ് രംഗത്തിന്റെ സ്ക്രീൻഷോട്ട് പങ്കിട്ടുകൊണ്ട് സംവിധായകൻ വിനേഷ് വിശ്വനാഥ് കുറിച്ചു. അർഹരായ ബാലതാരങ്ങളൊന്നുമില്ലെന്ന ജൂറിയുടെ പ്രസ്താവനയ്ക്കെതിരെ ചിത്രത്തിന്റെ സഹതിരക്കഥാകൃത്തും നടനുമായ ആനന്ദ് മൻമഥനും പ്രതിഷേധം അറിയിച്ചു.
'Jury turned a blind eye to children': Child actor Devananda explodes over denial of state award




























