(moviemax.in) മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയതിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. മമ്മൂട്ടിക്കൊപ്പമുളള നോമിനേഷൻ തന്നെ വലിയ സന്തോഷമാണെന്ന് ആസിഫ് അലി പറഞ്ഞു. പുരസ്കാരം മുന്നോട്ടുള്ള ശ്രമങ്ങൾക്കുള്ള വലിയ ധൈര്യം നൽകുന്നു. കരിയറിൽ എപ്പോഴും കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനിയും ശ്രമിച്ചു കൊണ്ടിരിക്കാനുള്ള ഊർജ്ജമാണ് അംഗീകാരമെന്നും ആസിഫ് അലി പറഞ്ഞു.
55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ ആവാഹിച്ച മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിന് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. മഞ്ഞുമ്മൽ ബോയ്സ് ആണ് മികച്ച ചിത്രം.
- മഞ്ഞുമ്മൽ ബോയ്സ് ഒരുക്കിയ ചിദംബരം ആണ് മികച്ച സംവിധായകൻ.
- മികച്ച തിരക്കഥാകൃത്ത്: ചിദംബരം(മഞ്ഞുമ്മൽ ബോയ്സ്).
- സൗബിൻ സാഹിറും സിദ്ധാർഥ് ഭരതനും മികച്ച സ്വഭാവ നടനുള്ള പുരസ്കാരം പങ്കിട്ടു. ലിജോ മോൾ ജോസ് ആണ് മികച്ച സ്വഭാവ നടി. മികച്ച ഗായകൻ കെ.എസ് ഹരിശങ്കർ. സെബ ടോമിയാണ് മികച്ച ഗായിക.
- മികച്ച സംഗീത സംവിധായകൻ: സുഷിൻ ശ്യാം.
- മികച്ച ഗാനരചയിതാവ്: വേടൻ(മഞ്ഞുമ്മൽ ബോയ്സ്-വിയർപ്പു തുന്നിയിട്ട കുപ്പായം).
- പ്രേമലുവാണ് മികച്ച ജനപ്രിയ ചിത്രം.
- മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ്(ഫെമിനിച്ചി ഫാത്തിമ).
- സയനോര ഫിലിപ്പ് ആണ് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്.
- മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ്(ബൊഗയ്ൻ വില്ല, രേഖാചിത്രം)
- മികച്ച നടിക്കുള്ള പുരസ്കാരത്തിന് കനി കുസൃതി, ദിവ്യ പ്രഭ, അനശ്വര രാജൻ, ജ്യോതിർമയി, ഫാത്തിമ ഷംല, സുരഭി ലക്ഷ്മി എന്നിവരാണ് പരിഗണനയിലുണ്ടായിരുന്നത്. മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.
മികച്ച ചിത്രം, ജനപ്രിയ ചിത്രം എന്നീ പുരസ്കാരങ്ങളുടെ പട്ടികയിൽ മഞ്ഞുമ്മൽ ബോയ്സ്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, പ്രേമലു, ഫെമിനിച്ചി ഫാത്തിമ, വിക്ടോറിയ, എ.ആർ.എം എന്നിവയാണ് ഇടം പിടിച്ചത്.
മമ്മൂട്ടി, വിജയരാഘവൻ, ആസിഫ് അലി, ടൊവീനോ തോമസ്, ഫഹദ് ഫാസിൽ, നസ്‍ലിൻ എന്നിവരാണ് മികച്ച നടനുള്ള പട്ടികയിൽ ഇടം നേടിയത്. കേരളപിറവി ദിനമായ നവംബർ ഒന്നിന് നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു. ജൂറി ചെയർമാനായ പ്രകാശ് രാജിന്‍റെ അസൗകര്യം പരിഗണിച്ചാണ് അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചത്. 128 എൻട്രികളാണ് പുരസ്കാരത്തിന് എത്തിയത്. അന്തിമ റൗണ്ടിലേക്ക് 30ലേറെ ചിത്രങ്ങൾ പരിഗണിക്കപ്പെട്ടു.
55th State Film Awards, Special Jury Mention, Asif Ali



























