ഓസ്കര് അവാര്‍ഡ് ജേതാവായ മലയാളി സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍. കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്സണ്‍. സംവിധായകന്‍ രഞ്ജിത്ത് രാജി വച്ച ഒഴിവിലേക്കാണ് റസൂല്‍ പൂക്കുട്ടിയുടെ നിയമനം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് രഞ്ജിത്ത് അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വച്ചത്. അന്ന് വൈസ് ചെയര്‍മാന്‍ ആയിരുന്ന പ്രേം കുമാറിന് പിന്നീട് ചെയര്‍മാന്‍റെ താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നു. ഈ ഭരണസമിതിയെ മാറ്റിക്കൊണ്ടാണ് പുതിയ ഭരണസമിതി നിലവില്‍ വരുന്നത്. ഭരണ സമിതിയുടെ കാലാവധി തീര്‍ന്നെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
അമൽ നീരദ്, ശ്യാം പുഷ്കരന്‍, നിഖില വിമൽ, സിതാര കൃഷ്ണ കുമാർ, സുധീർ കരമന, ബി രാഗേഷ് അടക്കം 26 അംഗങ്ങളാണ് പുതിയ ഭരണ സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പുതിയ ചെയര്‍മാനെയും ഭരണസമിതിയെയും കാത്തിരിക്കുന്നത് ഏറെ തിരക്കുള്ള മാസങ്ങളാണ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം തിങ്കളാഴ്ചയാണ് നടക്കുക. ഒപ്പം ഐഎഫ്എഫ്കെ ഡിസംബറില്‍ വരാനിരിക്കുന്നു.
സിനിമകളുടെ സ്ക്രീനിംഗ് തീരാത്തതും നാളെ പ്രത്യേക നിയമസഭ സമ്മേളനം നടക്കുന്നതിനാലും നാളെ നടക്കേണ്ട അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ജൂറി ചെയര്‍മാനായ പ്രകാശ് രാജിന് നാളെ അടിയന്തരമായി ബെംഗളൂരുവിലേക്ക് പോകേണ്ടതായുമുണ്ട്. അതേസമയം 2024ലെ അവാർഡിനായി പ്രധാന കാറ്റഗറികളിൽ മികച്ച മത്സരമാണ് നടക്കുന്നതെന്നാണ് വിവരം.
Resool Pookutty is the new chairman of the State Chalachitra Academy Kukku Parameswaran is the vice-chairperson.





























