( moviemax.in) വില്ലൻ വേഷങ്ങളിലൂടെ ടെലിവിഷൻ സീരിയൽ പ്രേക്ഷകർക്ക് പരിചിതനായ നടനാണ് കവിരാജ്. ഇന്ന് അഭിനയ രംഗത്ത് നിന്നും പൂർണമായും മാറി നിൽക്കുകയാണ് കവിരാജ്. ആത്മീയ പാതയിലാണ് വർഷങ്ങളായി ഇദ്ദേഹം. പുതിയ അഭിമുഖത്തിൽ തന്റെ മാറ്റത്തെക്കുറിച്ച് കവിരാജ് സംസാരിക്കുന്നുണ്ട്. അമ്മയുടെ മരണ ശേഷമാണ് താൻ ആത്മീയ പാതയിലേക്ക് മാറിയതെന്ന് കവിരാജ് പറയുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് കവിരാജ് മനസ് തുറന്നത്.
ആണ്ട് നടത്തുന്നത് വരെ ഞാൻ വിഷാദരോഗം പോലെയുള്ള അവസ്ഥയിലായി. അനു (ഭാര്യ) അന്ന് നിറ ഗർഭിണിയാണ്. അമ്മ മരിച്ച് അടുത്തയാഴ്ച അവൾ പ്രസവിച്ചു. സന്തോഷമാണെങ്കിലും ഞാൻ അമ്മയുടെ അടിയന്തരത്തിന്റെ തിരക്കുകളിലാണ്. ഒറ്റയ്ക്കാണ്. ആരും സഹായത്തിനില്ല. പ്രസവിക്കുമ്പോൾ ഞാൻ അടുത്ത് വേണമെന്ന് പറഞ്ഞു. വണ്ടി പിടിച്ച് പോയി. കുഞ്ഞിനെ കണ്ട് എന്റെ കണ്ണ് നിറഞ്ഞു.
കാവിയും ഷാളും നരയുമെല്ലാമായി അലഞ്ഞ് നടക്കുന്ന അവസ്ഥയിലായിരുന്നു ഞാൻ. ആ സമയത്ത് ഭാര്യ കുഞ്ഞിനെയും കൊണ്ട് ഇപ്പോൾ വരാം എന്ന് പറഞ്ഞ് പോയി. പിന്നെ വന്നില്ല. ഞാൻ വീടും പൂട്ടി ഇറങ്ങി ഹിമാലയം വരെ പോയി അലഞ്ഞു. ആത്മീയതയിലേക്ക് പോയപ്പോൾ വീട്ടിൽ ദാരിദ്ര്യം വന്നു. വർക്കില്ല. ഞാൻ അധികം ആരോടും സംസാരിക്കാത്ത ആളാണ്. ഭാര്യയോട് ഒട്ടും സംസാരിക്കാതായി.
അങ്ങനെയാണ് അവൾ പോയത്. വീട് പൂട്ടി ഞാനും എന്റെ വഴിക്കങ്ങ് പോയി. പക്ഷെ ഭാര്യക്ക് തിരിച്ച് വരണമെന്ന് തോന്നി. ഞങ്ങൾ വീണ്ടും യോജിച്ചു. അതിന് ശേഷം ഗുരുനിർദ്ദേശ പ്രകാരം കാവി മാറ്റി. സീരിയൽ താരത്തിൽ നിന്നും ആത്മീയ പാതയിലേക്കുള്ള മാറ്റം ഭാര്യയുടെ ബന്ധുക്കൾക്ക് ഉൾക്കൊള്ളാനായില്ലെന്നും കവിരാജ് പറഞ്ഞു. എന്റെ കൂടെ അവളെന്തിന് ജീവിക്കുന്നു, നല്ലൊരാളെ കിട്ടിയാൽ അവളെ കല്യാണം കഴിപ്പിക്കാം എന്ന് ഞാൻ ആലോചിച്ച സമയത്താണ് ഭാര്യ തിരിച്ച് വരുന്നതെന്നു കവിരാജ് പറഞ്ഞു.
ഭാര്യയുടെ സഹായത്തിലാണ് ഞാനിപ്പോൾ ഗൂഗിൾ പേ പോലും ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ ആക്ടീവല്ല. എന്നിലൊരു പഴയമയുണ്ട്. കറണ്ടില്ലാത്ത കാലത്തും ടിവിയില്ലാതെയും മൊബെെലില്ലാതെയും ജീവിച്ചിട്ടുണ്ട്. ഇതിന്റെ രണ്ടിന്റെയും അവസ്ഥ തുലനം ചെയ്യാൻ നമുക്ക് പറ്റുന്നുണ്ട്. ഗുണവും ദോഷവും. കെെയിൽ അണുബോംബ് കൊടുത്തത് പോലയാണ് ഫോൺ. പത്രമാധ്യമങ്ങളിലൂടെ അറിയുന്നുണ്ടല്ലോ. അപ്പോൾ അതിന് ലിമിറ്റേഷൻ വെക്കേണ്ടത് അവനവന്റെ വീട്ടിലെ രക്ഷകർത്താക്കളാണ്. മോന് ഫോൺ ആവശ്യമില്ലാതെ തൊടരുതെന്ന് നിർദ്ദേശമുണ്ടെന്നും കവിരാജ് പറഞ്ഞു. സിനിമയൊന്നും താൻ കാണാറില്ലെന്നും കവിരാജ് പറഞ്ഞു.
kaviraj opens up about his journey from serials to spiritual path


























