Oct 22, 2025 08:45 AM

( moviemax.in) പ്രേക്ഷകരേവരും ഏറ്റെടുത്ത 'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന 'ഇന്നസെന്‍റ്' സിനിമയുടെ രസകരമായ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്. വിവാഹത്തിന്‍റെ സേവ് ദ ഡേറ്റ് മോഡലിലുള്ളതാണ് പോസ്റ്റർ. അൽത്താഫും നടി അന്ന പ്രസാദുമാണ് പോസ്റ്ററിലുള്ളത്. ചിത്രം നവംബർ ഏഴിനാണ് വേൾഡ് വൈഡ് റിലീസ്.

സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററും മുമ്പ് ശ്രദ്ധ നേടിയിരുന്നതാണ്. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ തന്നിട്ടുള്ള സൂചന. ഇപ്പോഴിതാ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും ഏവരും ഏറ്റെടുത്തിരിക്കുകയാണ്.

കിലി പോൾ ഭാഗവതരായെത്തി 'കാക്കേ കാക്കേ കൂടെവിടെ…'യുടെ ശാസ്ത്രീയ വേർഷൻ പാടി ഞെട്ടിച്ചത് അടുത്തിടെയാണ്. ഈ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തിൽ നിന്ന് നേരെ 'പൊട്ടാസ് പൊട്ടിത്തെറി…' എന്ന ഫാസ്റ്റ് നമ്പറിലേക്കുള്ള ഷിഫ്റ്റും ഏവരും ഏറ്റെടുക്കുകയുണ്ടായി.

സിനിമയിലെ മൂന്നാമത് ഗാനമായി 'അതിശയം' എത്തിയത് അടുത്തിടെയാണ്. പാടിയത് സംഗീതലോകത്തെ പുത്തൻ താരോദയമായ ഹനാൻ ഷായും നിത്യ മാമ്മനും ചേർന്നാണ്. രേഷ്മ രാഘവേന്ദ്ര ആലപിച്ച നാടൻ ശൈലിയിലുള്ള 'അമ്പമ്പോ…' എന്ന് തുടങ്ങുന്ന ഗാനവും അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്ന ചിത്രമെന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചന. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്‍റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

ജി മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർ‍ണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം.

ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആ‍ർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് : ശ്രീജിത്ത്‌ ശ്രീകുമാർ.

Release announcement poster for Altaf's film Innocent

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall