കോഴിക്കോട് :( www.truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. അത്യാധുനിക സംവിധാനങ്ങളോടെ കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' രാവിലെ ഒമ്പതിന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.
പച്ചക്കറി മാർക്കറ്റിലെ മൾട്ടി ലെവൽ മാർക്കറ്റിൻ്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും ഹോൾസെയിൽ ആൻഡ് ഓപ്പൺ മാർക്കറ്റിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും നിർവഹിക്കും. ഉദ്ഘാടന ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. എം കെ രാഘവന്‍ എം പി, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, അഹമ്മദ് ദേവർകോവിൽ എംഎൽഎ, ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ്, ജില്ല കളക്ടർ സ്നേഹിൽകുമാർ സിംഗ്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
കല്ലുത്താൻ കടവിലെ അഞ്ചര ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മാർക്കറ്റ് നിർമിച്ചത്. കോർപറേഷൻ്റെ പിപിപി മാതൃകയിലുള്ള പദ്ധതിയിൽ ബിഒടി അടിസ്ഥാനത്തിൽ നിർമ്മാണം നടത്തിയത് കല്ലുത്താൻ കടവ് ഏരിയ ഡവലപ്മെന്റ് കമ്പനി (കാഡ്കോ) ആണ്. 2009-ൽ തറക്കല്ലിട്ട പദ്ധതിക്ക് കോർപറേഷൻ 30 കോടി രൂപ ചെലവിൽ സ്ഥലം നൽകി. 100 കോടി രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നിർമാണം പൂർത്തിയാക്കിയത്.
ആറ് ബ്ലോക്കുകളായി നിർമിച്ച മാർക്കറ്റിൽ പ്രധാന ബ്ലോക്കിന്റെ മുകൾ ഭാഗത്തുൾപ്പെടെ അഞ്ഞൂറോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. മൂന്നര ലക്ഷം സ്ക്വയർ ഫീറ്റിൽ നിർമിച്ച കെട്ടിടത്തിൽ 310 പഴം - പച്ചക്കറി കടകൾക്ക് സൗകര്യമുണ്ട്. കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് മീഞ്ചന്ത - അരയിടത്തുപാലം ബൈപാസിൽ നിന്നു നേരിട്ടു വാഹനങ്ങൾക്ക് കയറാം. കെട്ടിടത്തിനു മുകളിലേക്ക് ഓട്ടോ, ഗുഡ്സ് വാഹനങ്ങൾക്ക് കയറാൻ മൂന്ന് റാംപുകൾ ഉണ്ട്. പാളയത്ത് കച്ചവടം നടത്തുന്നതിനു ലൈസൻസുള്ള 153 കച്ചവടക്കാർക്ക് ന്യൂ മാർക്കറ്റിൽ മുറികളും ഒരുക്കി.
Chief Minister Pinarayi Vijayan will dedicate the New Palayam Vegetable and Fruit Market complex to the nation in the district tomorrow