( moviemax.in) തിയേറ്ററുകളിൽ പുതിയ റെക്കോർഡുകൾ തീർത്ത് പ്രദർശനം തുടരുകയാണ് ഋഷഭ് ഷെട്ടി രചിച്ച് സംവിധാനം ചെയ്ത് അദ്ദേഹം തന്നെ നായകനായെത്തിയ കാന്താര: ചാപ്റ്റർ 1. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളും അതിലെ ഋഷഭിന്റെ പ്രകടനവും ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ക്ലൈമാക്സ് ചിത്രീകരണത്തിനിടെ അനുഭവിച്ച ശാരീരികമായ അധ്വാനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. നീരുവെച്ച കാലും കടുത്ത ക്ഷീണവും വകവെക്കാതെയാണ് ആ രംഗങ്ങൾ ചിത്രീകരിച്ചതെന്ന് ഋഷഭ് വെളിപ്പെടുത്തി.
ചിത്രങ്ങൾക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ നേരിട്ട ശാരീരിക വെല്ലുവിളികളെക്കുറിച്ച് പറഞ്ഞത്. "നീരുവെച്ച കാലും തളർന്ന ശരീരവും. ഇത് ക്ലൈമാക്സ് ചിത്രീകരണ സമയത്തായിരുന്നു. എന്നാൽ ഇന്ന്, ആ ക്ലൈമാക്സ് ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും പ്രശംസിക്കുകയും ചെയ്യുന്ന ഒന്നായി മാറി. ഞങ്ങൾ വിശ്വസിക്കുന്ന ദൈവികമായ ഊർജ്ജത്തിന്റെ അനുഗ്രഹം കൊണ്ടുമാത്രമാണ് ഇത് സാധ്യമായത്. ഞങ്ങളെ പിന്തുണച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി," ഋഷഭ് കുറിച്ചു.
ശാരീരികമായ ബുദ്ധിമുട്ടുകൾക്ക് പുറമെ, 'കാന്താര: ചാപ്റ്റർ 1'-ന്റെ നിർമ്മാണത്തിന് പിന്നിലെ സർഗ്ഗാത്മക യാത്രയെക്കുറിച്ച് ഈയിടെ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് അദ്ദേഹം മനസ്സ് തുറന്നു. പ്രീക്വലിന്റെ തിരക്കഥ അന്തിമരൂപത്തിലെത്താൻ കൂടുതൽ സമയമെടുത്തുവെന്നും, ഏകദേശം 15-16 ഡ്രാഫ്റ്റുകളിലൂടെ കടന്നുപോയെന്നും ഋഷഭ് വെളിപ്പെടുത്തി.
"ഞങ്ങൾ ഏകദേശം 15-16 നരേഷൻ ഡ്രാഫ്റ്റുകളിലൂടെ കടന്നുപോയി. ആദ്യ ഭാഗത്തിനായി 3-4 മാസങ്ങൾ കൊണ്ട് 3-4 ഡ്രാഫ്റ്റുകൾ മാത്രമാണ് എഴുതിയത്. അതിനുശേഷം നേരിട്ട് ഷൂട്ടിംഗിലേക്ക് പോയി. ശിവയുടെ അച്ഛന്റെ കഥയിൽ നിന്നാണ് ഞങ്ങൾ പുതിയ ഭാഗത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്. അത് തയ്യാറായപ്പോൾ, ആദ്യ ഭാഗത്തിന് ഒരു പശ്ചാത്തല കഥ ആവശ്യമാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. അപ്പോഴാണ് ഞങ്ങൾ ഒരു ഐതിഹ്യമെന്നതിലുപരി ഒരു തുടക്കമായി ആ കഥയെ പരിഗണിക്കാൻ തീരുമാനിച്ചത്. ഒടുവിൽ, ആ പശ്ചാത്തല കഥ ഒരു പൂർണ്ണമായ തിരക്കഥയായി വളർന്നു. അതൊരു ചെറിയ ഭാഗം മാത്രമായി ഒതുങ്ങില്ലെന്നും അതിന് അതിന്റേതായ നിലനിൽപ്പുണ്ടാവണമെന്നും ഞങ്ങൾ മനസ്സിലാക്കി." അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ചിത്രം ആഗോളതലത്തിൽ 600 കോടി കളക്ഷൻ സ്വന്തമാക്കിയെന്നാണ് ട്രാക്കർമാർ പറയുന്നത്. നാലാം നൂറ്റാണ്ടിലെ കദമ്പ സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിലാണ് കാന്താര ചാപ്റ്റര്‍ 1-ന്റെ കഥ നടക്കുന്നത്. മലയാളികളുടെ പ്രിയതാരം ജയറാമും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ.
Rishabh Shetty reveals the hard work behind the climax of Kantara 2