( moviemax.in) അഭിനയ രംഗത്ത് ഇടയ്ക്ക് മാത്രം സാന്നിധ്യമറിയിക്കുന്ന നടിയാണ് ഇന്ന് നവ്യ നായർ. നൃത്ത വേദികളിലാണ് നവ്യ കൂടുതൽ സജീവം. 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിമാരിൽ ഒരാളായിരുന്നു നവ്യ. 2001 ൽ ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ അഭിനയ രംഗത്തേക്ക് വന്നത്. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപായിരുന്നു നായകൻ. ആദ്യ സിനിമയിൽ അവസരം ലഭിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് നവ്യ നായരിപ്പോൾ. സെെന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
ഒരു ദിവസം കൊണ്ടാണ് എന്നെ സിനിമയിലേക്ക് എടുക്കുന്നത്. മലയാള മനോരമയിൽ എന്റെ ചിത്രം കവർ പേജായി വരുന്നു. അത് കണ്ട് സിബി അങ്കിൾ വിളിപ്പിക്കുന്നു. സ്ക്രീൻ ടെസ്റ്റ് നടത്തുന്നു. സ്ക്രീൻ ടെസ്റ്റ് ചെയ്ത വീഡിയോ മഞ്ജു ചേച്ചിക്കും ദിലീപേട്ടനും അയച്ച് കൊടുക്കുന്നു. ദിലീപേട്ടൻ ഓക്കെ പറഞ്ഞു. അന്ന് വെെകുന്നേരം സിബി മലയിലിന്റെ സിനിമയിൽ നായികയായി എടുത്തു എന്ന് പറയുന്നു. ഒറ്റ രാത്രി കൊണ്ടാണ് ജീവിതം മാറി മറിഞ്ഞത്. എല്ലാവരോടും എനിക്കതാണ് പറയാനുള്ളത്.
ചിലപ്പോൾ ജീവിതം തകർന്നു എന്ന് വിചാരിച്ചിരിക്കുന്ന ഒരുപാട് പേരുണ്ടാകും. പക്ഷെ ഒരു നിമിഷം മതി നമ്മുടെ ജീവിതം മാറാൻ. നമുക്ക് നല്ലതിന് വേണ്ടി പ്രതീക്ഷിക്കാമെന്നും നവ്യ നായർ പറയുന്നു. നന്ദനം എന്ന സിനിമ സംഭവിച്ചത് ഗുരുവായൂരപ്പന് എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആ സിനിമ കാെണ്ടാണല്ലോ ഇപ്പോഴും ഞാൻ നിലനിൽക്കുന്നത്. എത്ര പേരുടെ കരിയറിൽ അങ്ങനെ പറയാൻ ഒരു സിനിമയുണ്ടാകും. അങ്ങനെയൊരു സിനിമ ലഭിച്ചത് അനുഗ്രഹമായി കാണുന്നെന്ന് നവ്യ നായർ പറഞ്ഞു.
മകനെ വളർത്തുന്ന രീതിയെക്കുറിച്ചും നവ്യ സംസാരിച്ചു. എനിക്ക് പറ്റാത്ത കാര്യം ഞാൻ അവനോട് ചെയ്യാൻ പറയാറില്ല. ചെറിയ ഉദാഹരണം പറഞ്ഞാൽ പണ്ട് ഷൂട്ടിന് രാവിലെ എന്നെ വിളിക്കുമ്പോൾ അച്ഛാ ഒരു മിനുട്ട് കൂടി, രണ്ട് മിനുട്ട് കൂടി എന്ന് ഞാൻ പറയുമായിരുന്നു. അഞ്ചര മണിക്കൊക്കെ എഴുന്നേൽക്കേണ്ടി വരും. അപ്പോൾ അച്ഛൻ നാലര മണി തൊട്ട് വിളിക്കണം. എന്നാലേ ഞാൻ 5.45-6.00 മണിക്ക് അവിടെ നിന്നും പൊങ്ങൂ. എന്നെ ലൊക്കേഷനിൽ കറക്ട് സമയത്ത് കൊണ്ട് വന്നില്ലെങ്കിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അച്ഛനോടല്ലേ ചോദിക്കുക.
എന്നോടാരും ചോദിക്കില്ല. ചെറിയ കുട്ടിയാണല്ലോ. ഇപ്പോൾ എന്റെ മോനോട് നേരത്തെ ഉറങ്ങാനും നേരത്തെ എണീക്കാനും പറയണമെന്ന് അമ്മ പറയും. പക്ഷെ ഞാനൊരിക്കലും പറയില്ല. കാരണം എനിക്കത് പാലിക്കാൻ പറ്റിയിട്ടില്ല. പോട്ടെ അമ്മേ എന്ന് ഞാൻ പറയും. നുണ പറയാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ടെന്നും നവ്യ നായർ പറഞ്ഞു. പാതിരാത്രിയാണ് നവ്യയുടെ പുതിയ സിനിമ. പുഴു എന്ന സിനിമയ്ക്ക് ശേഷം രതീന സംവിധാനം ചെയ്ത സിനിമയാണിത്. സൗബിൻ ഷാഹിർ ആൻ അഗസ്റ്റിനും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.
navyanair opensup about her entry to movies mention dileep and manjuwarrier