Oct 7, 2025 04:44 PM

(moviemax.in) ടെറിട്ടോറിയൽ ആർമിയിൽ 16 വർഷം പൂർത്തിയാക്കിയതിന്റെയും, രാജ്യത്തിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയതിന്റെയും പശ്ചാത്തലത്തിൽ നടൻ മോഹൻലാലിന് കരസേനയുടെ പ്രത്യേക ആദരം. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി മോഹൻലാൽ കൂടിക്കാഴ്ച നടത്തുകയും, അദ്ദേഹത്തിൽ നിന്ന് അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്തു.

“ഇതൊരു വലിയ അംഗീകാരവും ബഹുമതിയുമാണ്,” കരസേനയുടെ ആദരം ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം പ്രതികരിച്ചു. രാജ്യത്തിന് നൽകിയ സംഭാവനകളും സൈന്യവുമായുള്ള അദ്ദേഹത്തിന്റെ ഊഷ്മള ബന്ധവുമാണ് ഈ ബഹുമതിക്ക് അദ്ദേഹത്തെ അർഹനാക്കിയത്.

2009-ലാണ് മോഹൻലാൽ ടെറിട്ടോറിയൽ ആർമിയുടെ ഭാഗമാകുന്നത്. ഇന്ത്യൻ ആർമിയിലെ 122 ഇൻഫെൻ്ററി ബറ്റാലിയൻ ടിഎ മദ്രാസ് ടീമിലെ അംഗമാണ് അദ്ദേഹം. സൈന്യത്തിന്റെ ഭാഗമായി താൻ പൊതുജനങ്ങൾക്ക് അറിയാവുന്നതും അല്ലാത്തതുമായ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഉരുൾപൊട്ടലുണ്ടായ സമയത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളുടെ സജീവ സാന്നിധ്യം വലിയ ശ്രദ്ധ നേടിയിരുന്നു.

കൂടിക്കാഴ്ചയിൽ ടെറിട്ടോറിയൽ ആർമി ബറ്റാലിയന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു. സൈന്യവുമായി ബന്ധപ്പെട്ട് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമെന്നും, ടെറിട്ടോറിയൽ ആർമിയുടെ പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുക്കുമെന്നും മോഹൻലാൽ കരസേനാ മേധാവിക്ക് ഉറപ്പ് നൽകി. “പുതുതലമുറയെ സൈന്യത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതുൾപ്പെടെ നിരവധി പദ്ധതികൾ മുന്നിലുണ്ട്,” അദ്ദേഹം അറിയിച്ചു.



Special tribute from the Army to actor Mohanlal phalke award

Next TV

Top Stories