( moviemax.in) മീടൂ ആരോപണങ്ങളില്‍ തെറ്റ് ഏറ്റുപറഞ്ഞ് ഖേദം പ്രകടിപ്പിച്ചതിനാലാണ് സംവിധായകന്‍ സജിന്‍ ബാബുവിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറായതെന്ന് നടി റിമ കല്ലിങ്കല്‍. മീടൂ ആരോപണങ്ങളില്‍ തെറ്റ് ഏറ്റുപറഞ്ഞ ഏക വ്യക്തിയാണ് സജിന്‍.
പരാതിയുമായി പോകാനല്ല അതിജീവിതകള്‍ താത്പര്യപ്പെട്ടത്. സജിന്‍ ബാബു മാപ്പുപറയണമെന്നാണ് അവര്‍ ആവശ്യപ്പെട്ടതെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ റിമപറഞ്ഞു. അതേസമയം, സജിന്‍ ബാബുവിന് മാപ്പുനല്‍കാന്‍ താന്‍ ആരുമല്ലെന്നും ഇക്കാര്യത്തില്‍ അവസാനവാക്ക് അതിജീവിതരുടേതാണെന്നും റിമ വ്യക്തമാക്കി. 'ഞാന്‍ 'സ്വാര്‍ഥയാണ്', എനിക്ക് ഈ ചിത്രം ആവശ്യമായിരുന്നു. എല്ലാ പോരാട്ടങ്ങള്‍ക്കിടയിലും നടിയെന്ന നിലയില്‍ എനിക്ക് ജോലി ചെയ്യേണ്ടിയിരുന്നു. അതാണ് പ്രാഥമിക കാരണം', സജിന്‍ ബാബുവിനൊപ്പം പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ആമുഖമായി റിമ കല്ലിങ്കല്‍ പറഞ്ഞു.
'മീടൂ ആരോപണങ്ങളില്‍ ചെയ്തത് തെറ്റാണെന്ന് പറഞ്ഞ ഏക വ്യക്തി സജിന്‍ ആണ്. അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. മീടൂ ആരോപണങ്ങളില്‍ മുന്നോട്ടുപോകണമെങ്കില്‍ കുറ്റംചെയ്തവര്‍ അത് അംഗീകരിക്കുക എന്നതാണ് പ്രധാനം. തെറ്റുപറ്റിയെന്ന് അവര്‍ ഏറ്റുപറയുന്നത് ഇതുവരെ സംഭവിച്ചിട്ടില്ല. അവര്‍ കൗണ്ടര്‍ പരാതികള്‍ കൊടുക്കും, ഒന്നും സംഭവിച്ചിട്ടില്ലെന്ന് അവകാശപ്പെടും. അതിജീവിതകളുടെ അനുഭവങ്ങളെ അസാധുവാക്കും. അങ്ങനെയൊരിടത്ത്, ആദ്യമായി മുന്നോട്ടുവന്ന് ഖേദം പ്രകടിപ്പിച്ച വ്യക്തിയാണ് സജിന്‍. തെറ്റുപറ്റിയെന്ന് അയാള്‍ പറഞ്ഞു. എന്നാല്‍, അയാള്‍ക്ക് മാപ്പുനല്‍കാന്‍ ഞാന്‍ ആരുമല്ല. ഞാനായിരുന്നില്ല ഇര, അക്കാര്യത്തില്‍ അവസാനവാക്ക് അതിജീവിതകളുടേതാണ്', റിമ വ്യക്തമാക്കി.
'ഇത് മുന്നോട്ടൊരു ചുവടുമാത്രമാണ്. ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. സംഭവത്തിന്റെ എല്ലാവശവും എനിക്കറിയാം. പരാതിയാണ് നല്‍കേണ്ടിയിരുന്നതെങ്കില്‍ അതിജീവിതകള്‍ അതുചെയ്യുമായിരുന്നു. അവര്‍ക്ക് മാപ്പായിരുന്നു വേണ്ടിയിരുന്നത്, അദ്ദേഹം അത് നല്‍കി. ഖേദം പ്രകടിപ്പിച്ചിരുന്നില്ലെങ്കില്‍ ചിലപ്പോള്‍ സാഹചര്യം മറ്റൊന്നായേനെ. പുറമേ അറിയാത്ത പല കഥകളും എനിക്ക് അറിയാം. അവരെല്ലാവരുമായി പ്രവര്‍ത്തിക്കുന്നില്ല എന്ന് തീരുമാനിക്കാന്‍ കഴിയുന്ന ആളല്ല ഞാന്‍. എനിക്ക് സ്വന്തമായി ഇന്‍ഡസ്ട്രി ഉണ്ടാക്കാന്‍ പറ്റില്ല. എനിക്ക് ജോലി ചെയ്യണം. നല്ല മനുഷ്യരുടെ കൂടെ മാത്രമേ ജോലി ചെയ്യൂ എന്ന് എനിക്ക് പറയാന്‍ കഴിയില്ല', അവര്‍ തുറന്നുപറഞ്ഞു.
'നാളെ ഞാന്‍ ഒരു ചിത്രം സംവിധാനംചെയ്യുകയോ നിര്‍മിക്കുകയോ ചെയ്യുകയാണെങ്കില്‍ ഉറപ്പായും എനിക്ക് ഇത്തരം ആളുകളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പറയാം. അത്തരക്കാര്‍ക്ക് പകരം മറ്റൊരാളെ എനിക്ക് കണ്ടെത്താം. എന്നാല്‍, അഭിനേതാവ് എന്ന നിലയില്‍ ഒട്ടും അധികാരമില്ലാത്ത ആളാണ് ഞാന്‍. പ്രത്യേകിച്ച് നടി എന്ന നിലയില്‍ എനിക്ക് നിലനില്‍പ്പുപോലുമില്ല. ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നു എന്നെനിക്ക് അറിയാം. അതിന്റെ കുറ്റബോധവും എനിക്കുണ്ട്. പക്ഷേ ഞാന്‍ സ്വാര്‍ഥയാണ്. എനിക്ക് ജോലി വേണം', റിമ കൂട്ടിച്ചേര്‍ത്തു.
സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ത്രീകളാണ് സജിന്‍ ബാബുവിനെതിരേ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ക്രൂ അംഗങ്ങളായ തങ്ങളോട് സജിന്‍ മോശമായി പെരുമാറി എന്നായിരുന്നു ആരോപണം. തനിക്ക് തെറ്റുപറ്റിയെന്നും അതിജീവിതകളോട് ഖേദം പ്രകടിപ്പിച്ചുവെന്നുമായിരുന്നു സജിന്‍ ബാബുവിന്റെ പ്രതികരണം. റിമ കല്ലിങ്കല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'തീയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി' എന്ന ചിത്രത്തിന്റെ സംവിധായകനാണ് സജിന്‍ ബാബു. കനി കുസൃതി നായികയായ 'ബിരിയാണി'യാണ് സജിന്‍ ബാബുവിന്റെ ഒടുവിലിറങ്ങിയ ചിത്രം. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ സംവിധാനത്തിന് പ്രത്യേക ജൂറി പരാമര്‍ശം നേടിയിരുന്നു.
Rima Kallingal on acting in a MeToo accused's film