Oct 2, 2025 03:16 PM

( moviemax.in) തമിഴ് സൂപ്പർതാരം അജിത് കുമാർ താൻ അനുഭവിക്കുന്ന ഉറക്കക്കുറവ് (Insomnia) സംബന്ധിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു സംസാരിക്കുന്നു. ഉറക്കമില്ലായ്മ കാരണം തൻ്റെ ദൈനംദിന കാര്യങ്ങൾ പോലും താളം തെറ്റിയെന്നും, സിനിമകളോ വെബ് സീരീസുകളോ കാണാൻപോലും സമയം കിട്ടുന്നില്ലെന്നും അജിത് വ്യക്തമാക്കി. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തൻ്റെ രോഗാവസ്ഥയെക്കുറിച്ച് മനസ്സ് തുറന്നത്.

"കഥകളോടും സിനിമകളോടുമുള്ള അടങ്ങാത്ത അഭിനിവേശം ഉണ്ടായിരുന്നിട്ടും, സ്വന്തം സിനിമകളോ മറ്റ് വെബ് സീരീസുകളോ കാണാൻ എനിക്ക് സമയം കിട്ടുന്നില്ല. ഇൻസോംനിയ കാരണം ഉറങ്ങാൻ എനിക്ക് പ്രയാസമാണ്. ഉറങ്ങിയാൽ തന്നെ പരമാവധി നാല് മണിക്കൂർ മാത്രമാണ് ലഭിക്കുക. വിമാനയാത്രകളിൽ മാത്രമേ എനിക്കിപ്പോൾ ഉറങ്ങാൻ സമയം ലഭിക്കാറുള്ളൂ," അജിത് കുമാർ വെളിപ്പെടുത്തി. ഈ ഉറക്കക്കുറവ് തന്നെ വളരെയധികം ക്ഷീണിതനാക്കുന്നുണ്ട്. സിനിമയോടുള്ള ഇഷ്ടത്തെക്കാൾ ഉപരി ഇപ്പോൾ വിശ്രമത്തിന് മുൻഗണന നൽകേണ്ടിവരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

തൻ്റെ ഭാര്യ ശാലിനി നൽകുന്ന പിന്തുണയെക്കുറിച്ചും അജിത് സംസാരിച്ചു. "ശാലിനിയുടെ പിന്തുണയില്ലായിരുന്നെങ്കിൽ എനിക്ക് ഇതെല്ലാം ചെയ്യാൻ കഴിയുമായിരുന്നില്ല. ഞാൻ വീട്ടിൽ നിന്ന് അകലെയായിരിക്കുന്ന സമയത്ത് കുട്ടികളുടെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് അവളാണ്. കുട്ടികൾ എന്നെ അപൂർവമായി മാത്രമേ കാണാറുള്ളൂ. അവർ എന്നെ മിസ്സ് ചെയ്യുന്നതുപോലെ ഞാനും അവരെ മിസ്സ് ചെയ്യുന്നു."

മക്കളുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടും അദ്ദേഹം പങ്കുവെച്ചു. "സിനിമയായാലും റേസിംഗായാലും എൻ്റെ ഇഷ്ടങ്ങൾ മക്കളുടെ മേൽ അടിച്ചേൽപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവർ സ്വന്തമായി മുന്നോട്ട് എത്തണം. സാധ്യമായ വിധത്തിൽ അവരെ പിന്തുണയ്ക്കുക മാത്രമാണ് എൻ്റെ ആഗ്രഹം." താരം കൂട്ടിച്ചേർത്തു. അഭിനയരംഗത്തിന് പുറമെ റേസിംഗ് ട്രാക്കിലും സജീവമാണ് അജിത്. കഴിഞ്ഞ ദിവസം നടന്ന ബാഴ്‌സലോണ 24 എച്ച് റേസിൽ അജിത്തിൻ്റെ ടീം നാലാം സ്ഥാനത്ത് എത്തിയിരുന്നു. 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

'I can't sleep, I don't even get time to watch my own movies'; Actor Ajith opens up about his illness

Next TV

Top Stories










https://moviemax.in/- //Truevisionall