മലയാളം സിനിമയിൽ എക്കാലത്തും ഏറെ ചർച്ചാവിഷയമായിട്ടുള്ള രണ്ട് താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. കുറച്ചു നാളത്തെ പ്രണയത്തിന് ശേഷം 1998ൽ വിവാഹിതരായ ഇരുവരും, 2014ലാണ് നിയമപരമായി വേർപിരിഞ്ഞത്. എന്നാൽ ഇന്നും, ദിലീപിന്റെയും മഞ്ജുവിന്റെയും വ്യക്തിജീവിതങ്ങളും, ഇരുവരുടെയും മകളായ മീനാക്ഷിയുടെ കാര്യങ്ങളും, ഇടയ്ക്കിടെ വാർത്തകളിൽ നിറയാറുണ്ട്. അങ്ങനെ അടുത്തിടെയായി പ്രേക്ഷകർ ചർച്ച ചെയ്യുന്ന വിഷയമാണ് തന്റെ ഭാര്യ അഭിനയിക്കരുതെന്ന് നടനുണ്ടായിരുന്ന നിർബന്ധം. ഡിവോഴ്‌സിന് ശേഷം കാവ്യ മാധവനെ വിവാഹം ചെയ്‌തെങ്കിലും, താരത്തിന്റെ ഈ കാഴ്ചപ്പാട് മാറിയിട്ടില്ല.
എന്നാൽ, വിവാഹമോചനത്തിന് ശേഷം അഭിനയത്തിലേക്ക് മടങ്ങിവന്ന മഞ്ജു വാര്യർ എന്ന നടിയെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് ദിലീപ് പറഞ്ഞത്. തന്റെ മുൻ ഭാര്യ കരിയറിന്റെ രണ്ടാം ഘട്ടത്തിൽ ഏറെ ഉയരങ്ങൾ കീഴടക്കുന്നുണ്ടെന്ന് സമ്മതിച്ച പ്രശസ്ത താരം, അവരോടൊപ്പം അഭിനയിക്കാൻ ഇനി ഒരു അവസരം വന്നാൽ ഉറപ്പായും അഭിനയിക്കും എന്നാണ് പറഞ്ഞത്. എന്നാൽ, താരത്തിന്റെ ഈ വെളിപ്പെടുത്തലിനോട് മഞ്ജു പ്രതീക്ഷിച്ചതു പോലെയല്ല പ്രതികരിച്ചത്.
വിവാഹമോചനം നടന്ന് ഏതാനും വർഷങ്ങൾക്ക് ശേഷം, മനോരമ ന്യൂസ് ചാനലിന് നൽകിയ ഒരു പ്രത്യേക അഭിമുഖത്തിൽ, "നാളെ മഞ്ജു നായികയായിട്ടുള്ള ഒരു സിനിമ വന്നാൽ ദിലീപ് അതിൽ നായകനാവുമോ?" എന്ന് അവതാരകൻ ചോദിച്ചപ്പോൾ, തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് താരം മറുപടി നൽകിയത്. "നമുക്ക് അതിനകത്ത് (ആ സിനിമയിൽ) മഞ്ജു കറക്റ്റ് ആയിട്ട് ചേരും, അവരല്ലാതെ വേറെ ആരുമില്ല എന്ന് പറഞ്ഞു കഴിഞ്ഞാൽ പിന്നെ എന്താണ് തടസ്സം?," അദ്ദേഹം ചോദിച്ചു. ഒപ്പം, തന്റെ സ്വതസിദ്ധമായ ശൈലിയിൽ, മഞ്ജുവുമായി തനിക്ക് പ്രശ്നമുണ്ടെന്ന് പലരും പറഞ്ഞുണ്ടാക്കുന്നതാന്നെന്ന് ദിലീപ് അവകാശപ്പെട്ടു.
"മഞ്ജുവും ഞാനും തമ്മിൽ ശത്രുത ഒന്നുമില്ല, മറ്റുള്ളവർ പറഞ്ഞു ഉണ്ടാക്കുന്നതിന് എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഞാൻ പറഞ്ഞല്ലോ, അങ്ങനെ ഒരു കഥാപാത്രം വരട്ടെ, അപ്പോൾ നമുക്ക് ആലോചിക്കാം," താരം കൂട്ടി ചേർത്തു. എന്തായാലും, ദിലീപിന്റെ ഈ പ്രസ്താവന ഉടൻ തന്നെ വൈറലാവുകയും, പിന്നീട് മഞ്ജു വാര്യർ പങ്കെടുത്ത പല അഭിമുഖങ്ങളിലും താരത്തോട് മാധ്യമങ്ങൾ അതേപ്പറ്റി ചോദിക്കുകയും ചെയ്തു. എന്നാൽ, എന്നത്തേയും പോലെ അനാവശ്യമായി വ്യക്തി ജീവിതത്തെ കുറിച്ച് സംസാരിക്കാത്ത മഞ്ജു വാര്യർ, ഈ ചോദ്യങ്ങൾക്ക് മറുപടി പറയാൻ തയ്യാറായില്ല.
"മഞ്ജുവിനൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയാൽ അഭിനയിക്കും എന്ന് ദിലീപ് പറഞ്ഞല്ലോ?" എന്ന് മാധ്യമങ്ങൾ വീണ്ടും വീണ്ടും ചോദിച്ചപ്പോൾ, ഒരിക്കൽ മാത്രം "വേണ്ട, അതെ കുറിച്ച് ഒരു സംസാരം വേണ്ട," എന്ന് ലേഡി സൂപ്പർസ്റ്റാർ തീർത്തു പറഞ്ഞു. താരത്തിന്റെ വാക്കുകളിൽ നിന്ന്, ഭൂതകാലത്തെ കുറിച്ച് സംസാരിക്കാനോ, ഇനി ഭാവിയിൽ ദിലീപിനൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാനോ അവർ താത്പര്യപ്പെടുന്നില്ല എന്നത് വ്യക്തമാണ്. ഇത്രയേറെ വിഷയങ്ങൾ ഉണ്ടായിട്ടും ഒരിക്കൽ പോലും പരസ്യമായി മുൻ ഭർത്താവിനെ കുറിച്ച് ഒന്നും പറയാൻ തയ്യാറാവാത്ത മഞ്ജുവിന്റെ സ്വാഭിമാനം ആരാധകർ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. പക്ഷെ, ഇരുവരും ഒന്നിച്ച് ഒരു സിനിമയിൽ അഭിനയിക്കാനുള്ള സാധ്യത ഏറെ കുറവാണെന്ന് സമ്മതിക്കാതെ വയ്യ.
dileep said he is ready to act with manjuwarrier again this is how the actress reacted


































