മലയാളികളുടെ മാസങ്ങൾനീണ്ട കാത്തിരിപ്പിന് വിരാമം. ഇടവേളയ്ക്കുശേഷം മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകുന്നു. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ താരം വീണ്ടും ചിത്രീകരണ തിരക്കുകളിലേക്ക് കടക്കുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മോഹൻലാലിനൊപ്പമുള്ള ചിത്രത്തിലൂടെയാണ് മമ്മൂട്ടിയുടെ തിരിച്ചുവരവ്. ചിത്രീകരണം ഒക്ടോബറിൽ നടക്കും.
ആന്റോ ജോസഫ് നിർമിച്ച് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിന്റെ സെറ്റിലേക്കാണ് മമ്മൂട്ടിയെത്തുന്നത്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിനുവേണ്ടി ഒക്ടോബർ ആദ്യവാരം മമ്മൂട്ടിയെത്തും. ഓഗസ്റ്റ് 19-നാണ് മമ്മൂട്ടി പൂർണ ആരോഗ്യവാനായി എന്ന വാർത്ത എത്തിയത്. മോഹൻലാൽ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് ആശംസകളർപ്പിരുന്നു. മമ്മൂട്ടിയുടെ ബിഗ് സ്ക്രീൻ തിരിച്ചുവരവിനായി അന്നുമുതലേ ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുകയാണ്. തന്റെ കരിയറിൽ ഇത്രയും നീണ്ട ഒരിടവേള മമ്മൂട്ടി എടുത്തിട്ടില്ല എന്നതാണ് അതിന് കാരണം.
ഹൈദരാബാദ്, ലണ്ടൻ, കൊച്ചി എന്നിവിടങ്ങളിലാണ് ഇനി ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കാനുള്ളത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടി ചികിത്സയ്ക്കായി പോയത്. പിന്നീട് അദ്ദേഹം ചെന്നൈയിലെ വസതിയിൽ വിശ്രമത്തിലുമായിരുന്നു. അതിനിടെയാണ് കഴിഞ്ഞമാസം അദ്ദേഹം പൂർണ ആരോഗ്യവാനായെന്നുള്ള വിവരം താരത്തിന്റെ അടുത്ത സുഹൃത്തുക്കളായ നിർമാതാവ് ആന്റോ ജോസഫും ജോർജും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
17 വർഷത്തിനുശേഷം മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മമ്മൂട്ടിക്കും മോഹൻലാലിനും പുറമേ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ഗ്രേസ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്. പാട്രിയറ്റ് എന്നായിരിക്കും ചിത്രത്തിന്റെ പേരെന്നാണ് റിപ്പോർട്ട്. ശ്രീലങ്കയിലായിരുന്നു ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ്.
mammootty mohanlal mahesh narayanan film shoot october




























