(moviemax.in) താൻ നേരിട്ട ഗുരുതരമായ ആരോഗ്യപ്രതിസന്ധിയെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും നർത്തകിയുമായ ദേവി ചന്ദന. ഹെപ്പറ്റൈറ്റിസ് എ രോഗബാധയെത്തുടർന്ന് തനിക്ക് ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിലും (ഐസിയു) കഴിയേണ്ടിവന്നുവെന്ന് അവർ വെളിപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ ദുരനുഭവം ആരാധകരുമായി പങ്കുവെച്ചത്.
'ഒരുമാസമായി ആശുപത്രിയിലായിരുന്നു. ചെറിയ ശ്വാസംമുട്ടൽ എന്നുപറഞ്ഞ് വെച്ചുകൊണ്ടിരുന്നു. പക്ഷേ, ആശുപത്രിയിൽ എത്തിയപ്പോഴാണ് ഹെപ്പറ്റൈറ്റിസ് എ ആണെന്ന് തിരിച്ചറിഞ്ഞത്. ലിവർ എൻസൈമുകൾ നന്നായി കൂടി. ഐസിയുവിലായി. രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഇപ്പോൾ ഏകദേശം ഭേദമായി വരുന്നു', ദേവി ചന്ദന പറഞ്ഞു.
'കോവിഡ് വന്നപ്പോൾ അതായിരിക്കും ഏറ്റവും കടുപ്പമേറിയ കാലം എന്നാണ് കരുതിയത്. ആറുമാസം കഴിഞ്ഞപ്പോൾ എച്ച്‌വണ്‍എന്‍വണ്‍ വന്നു. അപ്പോൾ തോന്നി കോവിഡ് എത്രയോ ഭേദമായിരുന്നുവെന്ന്. പക്ഷേ, ഇതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഗുണപാഠമായിരുന്നു', നടി വിവരിച്ചു.
'എവിടെനിന്നാണ് അസുഖം കിട്ടിയതെന്ന് എല്ലാവരും ചോദിച്ചു. ഞാൻ ഒറ്റയ്ക്ക് എവിടേയും യാത്രചെയ്തിട്ടില്ല. മൂന്നാറിൽപ്പോയി. എല്ലാവരും ഉണ്ടായിരുന്നു. അതുകഴിഞ്ഞ് മുംബൈയിൽ എനിക്കൊരു ഫങ്ഷനുണ്ടായിരുന്നു. അപ്പോഴും കൂടെ ആളുണ്ടായിരുന്നു. അതുകഴിഞ്ഞ് ഷൂട്ടിങ്ങിന് പോയി. അതും ഞാൻ ഒറ്റയ്ക്കല്ലായിരുന്നു. എന്റെ 'ഭയങ്കര പ്രതിരോധശേഷി' കൊണ്ടാവാം എനിക്കുമാത്രം അസുഖം വന്നത്. എനിക്ക് മാത്രം അസുഖം വന്നതിൽ ചെറിയ വിഷമമുണ്ടായിരുന്നു', തമാശരൂപേണ ദേവി ചന്ദന പറഞ്ഞു.
'കഴിഞ്ഞമാസം 26-ന് രാത്രി അഡ്മിറ്റായി. അന്നൊക്കെ അട്ടയൊക്കെ ചുരുണ്ട് കിടക്കുന്നതുപോലെയായിരുന്നു കിടപ്പ്. സംസാരമില്ല. എഴുന്നേൽക്കില്ല. ഭക്ഷണം കഴിക്കാൻ എഴുന്നേൽക്കുമ്പോൾ ഛർദിക്കുന്നു. ആകെ വല്ലാത്ത അവസ്ഥയായിരുന്നു. കണ്ണും ദേഹവുമൊക്കെ മഞ്ഞക്കളർ. ബിലിറൂബിൻ 18 ആയി. എൻസൈംസൊക്കെ ആറായിരമൊക്കെയായി', ദേവി ചന്ദനയുടെ അവസ്ഥയെക്കുറിച്ച് ഭർത്താവ് കിഷോർ പറഞ്ഞു.
'അസുഖത്തെക്കുറിച്ച് ധാരണയില്ലായിരുന്നു. മൂന്നാറിൽ പോയി വന്നപ്പോൾ ഇടയ്ക്ക് ശ്വാസംമുട്ടലുണ്ടായത് തണുപ്പിന്റേത് ആവുമെന്ന് കരുതി മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. കുട്ടികളുടെ അരങ്ങേറ്റത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. നവരാത്രി പരിപാടികളുണ്ടായിരുന്നു. അതും നഷ്ടമായി. ഫോണൊക്കെ കൈയിലെടുത്തിട്ട് മൂന്നാഴ്ചയോളമായി', ദേവി ചന്ദന കൂട്ടിച്ചേർത്തു.
തന്റെ ഗുരുതരാവസ്ഥയെ 'വെറുമൊരുമഞ്ഞപ്പിത്തം' എന്ന് നിസ്സാരവത്കരിച്ചവരുടെ പ്രതികരണങ്ങൾ വേദനിപ്പിച്ചതായും ദേവി ചന്ദന പറഞ്ഞു. രോഗങ്ങൾ ഓരോ വ്യക്തിയേയും വ്യത്യസ്ത രീതിയിലാണ് ബാധിക്കുന്നതെന്ന് കിഷോർ ഓർമിപ്പിച്ചു. ഉപ്പും എണ്ണയും തേങ്ങയും ഒഴിവാക്കിയുള്ള കർശനമായ ഭക്ഷണക്രമം ഇപ്പോഴും തുടരുകയാണ്. സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ ഡോക്ടർമാർ ഒന്നര മാസത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും, രോഗം വീണ്ടും വരാതിരിക്കാൻ ദീർഘകാലത്തേക്ക് ശ്രദ്ധ വേണമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ദേവി ചന്ദനയും കിഷോറും കൂട്ടിച്ചേർത്തു.
യാത്ര ചെയ്യുമ്പോൾ ഭക്ഷണത്തെക്കുറിച്ചം വെള്ളത്തെക്കുറിച്ചും ജാഗ്രത പുലർത്തണമെന്ന് അവർ ഓര്‍മിപ്പിച്ചു. ഒരു കുഞ്ഞ് ഹെൽത്ത് ഇൻഷുറൻസ് എങ്കിലും എല്ലാവരും നിർബന്ധമായും എടുക്കണമെന്നും അവർ പറഞ്ഞു. കുടുംബാംഗങ്ങൾ, താരസംഘടനയായ 'അമ്മ', ഡോക്ടർമാർ, നഴ്‌സുമാർ, സിനിമാരംഗത്തെ സുഹൃത്തുക്കൾ, വിദ്യാര്‍ഥികളുടെ മാതാപിതാക്കൾ എന്നിവരുൾപ്പെടെയുള്ള വലിയൊരു പിന്തുണ തനിക്ക് ലഭിച്ചുവെന്ന് അവർ വ്യക്തമാക്കി.
devi chandana hepatitis a recovery


































