(moviemax.in) കരൂർ ദുരന്തത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടി. കരൂരിലെ ദാരുണമായ സംഭവത്തിൽ അഗാധമായ ദുഃഖം അനുഭവിക്കുന്നുവെന്നും, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനമെന്നും, പരിക്കേറ്റവർക്ക് ശക്തിയും വേഗത്തിലുള്ള സുഖപ്രാപ്തിയും നേരുന്നുവെന്നും മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.
തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. ഇന്നലെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂർ സ്വദേശിയായ കവിൻ ആണ് അൽപ്പസമയം മുൻപ് മരിച്ചത്. ഇയാൾ ഇന്നലെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് വാങ്ങി പോയിരുന്നു. ശേഷം വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
പിന്നാലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. 111 ഓളെ പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. അതേസമയം, മരിച്ചവരിൽ 39 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് കരൂരിൽ വിജയ്‍യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 40 പേര്‍ മരിച്ച ദുരന്തമുണ്ടായത്.
Mammootty expresses condolences over Karur tragedy.





























