തമിഴ് സൂപ്പര്‍താരം വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകത്തിൻറെ (ടി.വി.കെ) കരൂർ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 38 പേര്‍ മരിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി നടന്‍ രജനീകാന്തും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസനും നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബുവും. സമൂഹമാധ്യത്തിലൂടെയായിരുന്നു താരങ്ങളുടെ പ്രതികരണം.
കരൂരിലുണ്ടായ അപകടത്തിൽ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്ത നടുക്കത്തോടെയാണ് കേട്ടതെന്ന് രജനീകാന്ത് കുറിച്ചു. സംഭവത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തു. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും രജനീകാന്ത് എക്‌സില്‍ കുറിച്ചു.
ജീവന്‍ നഷ്ടപ്പെട്ട നിരപരാധികളുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കാന്‍ വാക്കുകളില്ലെന്ന് കമല്‍ ഹാസന്‍ എക്സിൽ കുറിച്ചു. ഏറെ ഹൃദയഭേദകമായ സംഭവമാണ്. അപകടത്തിൽ പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പുവരുത്താന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും കമല്‍ ഹാസന്‍ കുറിപ്പിൽ പറഞ്ഞു. ദുരന്തവാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്നും പ്രിയപ്പെട്ടവരുടെ വിയോഗം താങ്ങാനുള്ള കരുത്ത് കുടുംബാംഗങ്ങള്‍ക്ക് ദൈവം നല്‍കട്ടെയെന്നും ഖുശ്ബു കുറിച്ചു. പരിക്കേറ്റവര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും അവര്‍ എക്സിലെ കുറിപ്പിൽ പറഞ്ഞു.
ആറ് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 38 പേരുടെ മരണമാണ് നിലവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളില്‍ നിന്നുള്ള വിവരം. 12 പേരുടെ നില അതീവ ഗുരുതരമാണ്. സെന്തില്‍ ബാലാജി, എം.എ. സുബ്രഹ്‌മണ്യന്‍ തുടങ്ങിയ മന്ത്രിമാര്‍ കരൂരിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നുണ്ട്. റാലിയില്‍ പങ്കെടുത്തവരുടെ എണ്ണം നിയന്ത്രണാതീതമായതും തെരുവുകളില്‍ നിന്നുതിരിയാന്‍പോലും സ്ഥലമില്ലാതിരുന്നതും അപകടത്തിലേക്കു നയിച്ചതായാണ് പ്രാഥമികമായ വിലയിരുത്തല്‍.
Tamil Nadu heartbroken, 39 lives lost; Rajinikanth, Kamal Haasan and Khushbu react