മലയാള സിനിമയ്ക്ക് എന്നും ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു നടനെന്ന നിലയിൽ ഇത്രയേറെ പരീക്ഷണം നടത്തിയ അധികമാരും ഇൻഡസ്ട്രിയിൽ ഇല്ല എന്ന് ഏതൊരു സിനിമ പ്രേമിയും സമ്മതിക്കുന്ന കാര്യമാണ്. ദിലീപിന്റെ സിനിമകളിൽ, അദ്ദേഹത്തിന്റെ പ്രകടനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും, എന്നാൽ മുന്നോട്ട് വയ്ക്കുന്ന കാലഹരണപ്പെട്ട ആശയത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾ നേരിടുകയും ചെയ്ത സിനിമയാണ് ചാന്തുപൊട്ട്. നടന്റെ അടുത്ത സുഹൃത്തും, സീനിയർ സംവിധായകനുമായ ലാൽ ജോസാണ് ചിത്രം ഒരുക്കിയത്.
കുറച്ചു കാലം മുൻപ്, മൈൽസ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, ചാന്തുപൊട്ട് എന്ന സിനിമയെ കുറിച്ച് ദിലീപ് മനസ്സ് തുറന്നിരുന്നു. അന്ന്, ആ സിനിമയിലെ തന്റെ ലൂക്ക് കുറെയൊക്കെ താൻ സ്വന്തമായി സൃഷ്ടിച്ചെടുത്തതാണെന്നും, അതിന്റെ ചിത്രീകരണ സമയത്ത് സംവിധായകൻ ലാൽ ജോസും താനും തമ്മിൽ പിണക്കത്തിൽ ആയിരുന്നുവെന്നും പ്രശസ്ത നടൻ വെളിപ്പെടുത്തി.
"ചാന്തുപൊട്ട് ചെയ്യുമ്പോൾ ഞങ്ങൾ ഉടക്കായിരുന്നു. എന്റെ വിഷയം എന്തായിരുന്നു എന്ന് വച്ചാൽ, എന്നെ മേക്കപ്പ് ടെസ്റ്റ് നടത്തിയില്ല. ഞാൻ അതൊക്കെ ചെയ്തോളും എന്ന വിശ്വാസത്തിലാണ് അവർ (ലാൽ ജോസും സംഘവും) ഇരിക്കുന്നത്. ഇവർ ലൊക്കേഷൻ നോക്കാനൊക്കെ പോവുന്നുണ്ട്, എന്ത് കൊണ്ട് എന്റെ കഥാപാത്രത്തിന് സ്കെച്ച് ഇട്ടില്ല, എന്ത് കൊണ്ട് എന്നോട് സംസാരിക്കാൻ വരുന്നില്ല, എന്നൊക്കെയുള്ളതാണ് എന്റെ പ്രശ്നം. അങ്ങനെ ഞാൻ തന്നെ ഒരു വിഗ്ഗ് ഒക്കെ കൊണ്ട് വന്ന് എന്റെ പാകത്തിന് ശെരിയാക്കി - കാരണം എനിക്ക് മനസ്സിലായി, ഇത് എന്റെ തലയിൽ ആയെന്ന്," ദിലീപ് ഓർത്തെടുത്തു.
"ആദ്യമായി ഞാൻ ആ മേക്കപ്പ് ചെയ്തിട്ട് രാജൻ പി ദേവിന്റെ മുൻപിലാണ്. രാജേട്ടൻ അത് കണ്ടു കുറെ ചിരിച്ചു. എനിക്കിപ്പോഴും ഓർമ്മയുണ്ട്, എന്നെ കെട്ടിപിടിച്ചിട്ട് "ലുക്ക് ഇത് തന്നെ മതിയെടാ" എന്ന് പറഞ്ഞു. പിന്നെ ഞാൻ ആരെയും കാണിക്കാൻ പോയില്ല. അത് കഴിഞ്ഞു ലൊക്കേഷനിൽ എത്തിയപ്പോൾ, തലേന്ന് രാത്രി മേക്കപ്പ് ടെസ്റ്റ് വച്ചു. അതിന് വച്ച വിഗ്ഗ് ശരിയായില്ല. അപ്പോൾ ലാൽ ജോസോക്കെ ടെൻഷനിൽ ആയി, പിന്നെ ഒന്നും മിണ്ടാനും പറ്റുന്നില്ല. ഞാൻ പറഞ്ഞു, "നിങ്ങളൊക്കെ എല്ലാ കാര്യത്തിനും നടന്നില്ലേ, എന്നെ കൂടി ശ്രദ്ധിക്കണമായിരുന്നു," എന്ന്. അപ്പോൾ അവരൊന്നും മിണ്ടിയില്ല," നടൻ കൂട്ടി ചേർത്തു.
"അപ്പോൾ ഞാൻ മേക്കപ്പ് മാൻ പട്ടണം റഷീദ് ഇക്കയോട് പറഞ്ഞു, എന്റെ കൈയിൽ ഒരു വിഗ്ഗ് ഉണ്ടെന്ന്. അവർ നിർദ്ദേശം അനുസരിച്ചാണ് വിഗ്ഗ് കൊണ്ട് വന്നത്, അവരുടെ കുഴപ്പമല്ല. അങ്ങനെ ഞാൻ ഇത് എടുത്തു കൊടുത്തു. റഷീദ് ഇക്ക അത് വച്ച് സെറ്റ് ചെയ്ത് തന്നപ്പോൾ കറക്റ്റ് ആളായി. പിന്നെ മീശയൊക്കെ ഒന്ന് ചെറുതാക്കി, കണ്ണൊക്കെ എഴുതിയതോടെ ആ ലുക്ക് സെറ്റ് ആയി. അപ്പോൾ ലാൽ ജോസ് ഒരു കള്ള നോട്ടം നോക്കിയിട്ട്, "ഇത് കൊള്ളാം," എന്ന് പറഞ്ഞു. അങ്ങനെ ഓരോ വിഷയങ്ങളൊക്കെ കാരണം ഉണ്ടായ പരിഭവങ്ങൾ ആയിരുന്നു. പക്ഷെ എന്റെ വീട്ടിൽ മൂത്ത മകന്റെ സ്ഥാനമാണ് ലാലുവിന്," ദിലീപ് പറഞ്ഞു നിർത്തി.
dileep designed his own looks in chanthupottu reveals he had a rift with laljose

































