( moviemax.in) മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. പ്രധാന കഥാപാത്രങ്ങളായ ജോർജ്ജ് കുട്ടിയെയും കുടുംബത്തെയും ഏറ്റെടുത്ത പോലെ തന്നെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസിൽ ഇടം നേടിയിരുന്നു. അത്തരത്തിൽ ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രം ചെയ്തയാളാണ് കലാഭവൻ ഷാജോൺ. സഹദേവൻ എന്ന പൊലീസ് ഓഫീസറുടെ വേഷമായിരുന്നു ഷാജോൺ ചെയ്തിരുന്നത്.
ദൃശ്യം 1 ൽ സഹദേവൻ എന്ന കഥാപാത്രമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സിനിമയുടെ അവസാന ഭാഗമായ മൂന്നാം ഭാഗത്തിലും സഹദേവൻ ഉണ്ടായിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ. എന്നാൽ മൂന്നാം പതിപ്പിൽ തൻ്റെ കഥാപാത്രമുണ്ടാവില്ലായെന്ന് അറിയിച്ച് ഷാജോൺ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
'ദൃശ്യം 3 അനൗൺസ് ചെയ്തല്ലോ ?' എന്ന ചോദ്യത്തിന് ഷൂട്ടിങ് തുടങ്ങിയല്ലോ എന്നായിരുന്നു ഷാജോണിൻ്റെ മറുപടി. ഷാജോണും ചിത്രത്തിലുണ്ടാവില്ലേ എന്ന ചോദ്യത്തിന് താനില്ലായെന്നും ഉണ്ടായിരുന്നെങ്കിൽ ഇതിനോടകം തന്നെ സിനിമയിൽ നിന്ന് വിളി വന്നേനെയെന്നും ഷാജോൺ പറയുന്നു. എന്തായാലും സിനിമ ഗംഭീരമായിരിക്കുമെന്നും താനും സിനിമയ്ക്കായി വെയിറ്റിംഗാണെന്നും അദ്ദേഹം കൂട്ടിചേർത്തു. വിനീത് ശ്രീനിവാസൻ ചിത്രം കരം കണ്ടിറങ്ങുന്നതിനിടയിലായിരുന്നു ഷാജോണിന്റെ പ്രതികരണം.
വാഗമൺ മേഖലകളിലും ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ഉണ്ടെന്നാണ് വിവരം. തൊടുപുഴയിൽ 30 ദിവസത്തെ ഷെഡ്യൂൾ ആണ് നിലവിൽ ഉള്ളത്. ഈ ആഴ്ച തുടക്കത്തിൽ ആരംഭിക്കാനിരുന്ന ഷൂട്ടിങ് മോഹൻലാലിന്റെ പുരസ്കാരച്ചടങ്ങിനെ തുടർന്ന് നീട്ടുകയായിരുന്നു. ഇന്ന് രാത്രിയോടെ മോഹൻലാൽ ഷൂട്ടിങ്ങിനായി തൊടുപുഴയിൽ എത്തുമെന്നാണ് സൂചന.
മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
'Will Sahadeva come after George Kutty again? Drishyam 3 has been announced, hasn't it? Shajon replies




























