മലപ്പുറം :( www.truevisionnews.com ) മലപ്പുറത്ത് യുവതിയെ ഉപയോഗിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് ബംഗാൾ സ്വദേശികൾ പൊലീസ് പിടിയിലായി. യുവതിയുടെ സഹോദരനടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 15 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ബംഗാളിൽ നിന്ന് ട്രെയിൻ മാർഗം കുറ്റിപ്പുറത്തെത്തിച്ച കഞ്ചാവ്, ഓട്ടോറിക്ഷയിൽ താമസ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയത്.
അജാസ് അലി , സദൻ ദാസ്, സദൻ ദാസിൻ്റെ സഹോദരിയായ തനുശ്രീ ദാസ് എന്നിവരാണ് അറസ്റ്റിലായത്. സ്ത്രീയാണെങ്കിൽ പൊലീസിൻ്റെ ശ്രദ്ധയിൽപ്പെടില്ലെന്ന് കരുതിയാണ് ഇവർ തനുശ്രീയെ ദുരുപയോഗം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. കോട്ടക്കലിൽ എത്തിച്ച് ചില്ലറ വിൽപ്പന നടത്താനായിരുന്നു സംഘത്തിൻ്റെ ലക്ഷ്യം. ഇവർ നേരത്തെയും സമാനമായ രീതിയിൽ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.
മറ്റൊരു സംഭവത്തിൽ പേരശ്ശന്നൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയിൽ . പേരശന്നൂര്‍ സ്വദേശി ഷഹബാ ഷഹബാസാണ് പിടിയിലായത്. കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്‌ടർ ഗിരിയുടെ നേതൃത്വത്തിലുള്ള സംഘം പേരശന്നൂര്‍ പോസ്റ്റ് ഓഫീസ് ഹില്‍ടോപ് റോഡിലൂടെ പട്രോളിങ് നടത്തുന്നതിനിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് യുവാവിൻ്റെ പക്കൽ എംഡിഎംഎ കണ്ടെത്തിയത്. 1.260 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ഇത് വിൽക്കാൻ വേണ്ടി കൈയിൽ വെച്ചതാണെന്ന് പൊലീസ് പറയുന്നു.
പേരാശന്നൂരിൽ റോഡരികിലുള്ള കുറ്റിക്കാടുകള്‍ക്ക് സമീപത്താണ് ഷഹബാസ് നിന്നത്. കൈ ചുരുട്ടിപ്പിടിച്ച നിലയിലായിരുന്നു. പൊലീസ് വാഹനം കണ്ടതിനെ തുടര്‍ന്ന് ഷഹബാസ് പരുങ്ങി.
സംശയം തോന്നിയ പൊലീസ് സംഘം വാഹനം നിർത്തി പുറത്തിറങ്ങി ഇയാളെ ചോദ്യം ചെയ്തു. ചുരുട്ടിപ്പിടിച്ച കൈ തുറന്നതോടെയാണ് എംഡിഎംഎ സൂക്ഷിച്ച ചെറിയ പാക്കറ്റ് കണ്ടെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
Three people including a woman arrested for smuggling ganja using their sister as a carrier