കോഴിക്കോട് : (truevisionnews.com) വിജിൽ കൊലപാതക കേസിൽ പിടിയിലായ രണ്ടാംപ്രതി രഞ്ജിത്ത് ഉൾപ്പെടെ മുഴുവൻ പ്രതികളെയും അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. വിജിലിനെ മറവ് ചെയ്ത സരോവരം പാർക്കിന് സമീപത്തെ ചതുപ്പിലും, ശരീരം അവശിഷ്ടങ്ങൾ ഒഴുക്കിയ വരയ്ക്കൽ ബീച്ചിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. മുഴുവൻ പ്രതികളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം
2019 മാർച്ച് 24നാണ് കോഴിക്കോട് വെസ്റ്റ് ഹിൽ ചുങ്കം സ്വദേശി വിജിലിനെ കാണാതായത്. അമിത അളവിൽ ബ്രൗൺഷുഗർ കുത്തി വച്ചതാണ് വിജിൽ മരിക്കാൻ കാരണമെന്നായിരുന്നു സുഹൃത്തുക്കളായ പ്രതികളുടെ മൊഴി. മൂന്നുപേരാണ് കേസിലെ പ്രതികൾ. വിജിൽ മരിച്ചതാണെന്ന് വാർത്ത പുറത്തുവന്നതിന് പിന്നാലെ, രണ്ടാം പ്രതിയായ രഞ്ജിത്ത് ഒളിവിൽ പോയിരുന്നു. പിന്നീട് ഇയാളെ തെലുങ്കാനയിലെ ഖമ്മത്ത് വച്ച് അന്വേഷണസംഘം പിടികൂടുകയായിരുന്നു.
മനപ്പൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കുക, മൃതദേഹത്തോടെ അനാദരവ് കാണിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എലത്തൂർ പൊലീസ് കേസെടുത്തത്. അസ്ഥികൂടത്തിൽ നിന്ന് ലഭിച്ച ഡി എൻ എ സാമ്പിളുകൾ പരിശോധനയ്ക്കായി കണ്ണൂരിലെ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയക്കുവാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതുകൂടാതെ കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച് ചെങ്കല്ലും കയറിൻ്റെയും കാലപ്പഴക്കവും നിർണയിക്കാൻ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ രാസ പരിശോധനയ്ക്ക് അയക്കും.
Vigil murder case: The investigation team will take all the accused, including the second accused Ranjith, into custody