ചെന്നൈ: (moviemax.in) നടൻ വിജയിയുടെയും കമൽഹാസന്റെയും ആരാധകർക്കിടയിലുള്ള വാക്‌പോര് തുടരുകയാണ്. സിനിമ ജീവിതത്തിൽ നിന്നും രാഷ്ട്രീയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് വിജയ്.അടുത്തിടെ മധുരയിൽ നടന്ന ഒരു പൊതുസമ്മേളനത്തിൽ വിജയ് നടത്തിയ പരാമർശം പുതിയ വിവാദങ്ങളിലേക്ക് വഴി വെച്ചിരിക്കുകയാണ്.
"മാർക്കറ്റിടിഞ്ഞപ്പോൾ അല്ല രാഷ്ട്രീയത്തിൽ ഇറങ്ങിയത്" എന്ന വിജയുടെ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. സിനിമാരംഗത്ത് സജീവമായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനെക്കുറിച്ചുള്ള തൻ്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു വിജയ്. എന്നാൽ, ഈ പ്രസ്താവന സിനിമാ ജീവിതത്തിൻ്റെ അവസാന ഘട്ടത്തിൽ രാഷ്ട്രീയ പ്രവേശനം നടത്തിയ കമൽഹാസൻ ഉൾപ്പെടെയുള്ള താരങ്ങളെ ലക്ഷ്യമിട്ടാണെന്ന് ചിലർ ആരോപിച്ചു.
ഇതോടെ ഇരുവിഭാഗം ആരാധകരും സാമൂഹിക മാധ്യമങ്ങളിൽ വാദപ്രതിവാദങ്ങളുമായി രംഗത്തെത്തുകയായിരുന്നു. വിഷയം ചർച്ചയായതോടെ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങൾ കമൽഹാസന്റെ പ്രതികരണം തേടി. വിജയ് ആരുടെയെങ്കിലും പേര് പറഞ്ഞോ എന്ന് തിരിച്ച് ചോദിച്ച കമൽഹാസൻ, വിലാസം ഇല്ലാത്ത കത്തിന് മറുപടി അയക്കുമോ എന്നും മാധ്യമങ്ങളോട് ചോദിച്ചു.
കൂടുതൽ വിവാദങ്ങൾ ഒഴിവാക്കുന്ന തരത്തിലായിരുന്നു കമൽഹാസന്റെ പ്രതികരണം. വിജയ് അനുജനെപ്പോലെയാണെന്നും പറഞ്ഞ് കമൽഹാസൻ പ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാൽ, ഇരുവരുടെയും ആരാധകർക്കിടയിലെ സൈബർ പോര് ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ തുടരുകയാണ്.
Kamal Haasan responds to controversies following Vijays remarks in Madurai