Aug 17, 2025 12:54 PM

( moviemax.in) അമ്മ സംഘടനയുടെ പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് ​ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ദീർഘകാലമായി പുരുഷാധിപത്യം പുലരുന്ന ഇടം എന്ന് പഴി കേട്ട ആ സംഘടനയുടെ അധികാരക്കസേരകളിൽ ഇരിക്കാൻ സ്ത്രീകൾക്ക് അവസരം ലഭിച്ചത് നിസ്സാരകാര്യമല്ലെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. എന്നാൽ അമ്മ ചരിത്രം മാറ്റിയെഴുതി എന്ന് തനിക്ക് അഭിപ്രായമില്ല എന്നും അദ്ദേഹം കുറിച്ചു. 'കുപ്പി പുതിയത്, പക്ഷേ വീഞ്ഞ് പഴയതു തന്നെ' എന്നു മറ്റുള്ളവർ പറയാൻ ഇടവരാതിരിക്കട്ടെയെന്നും ശ്രീകുമാരൻ തമ്പി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'അമ്മ'യിലെ പെണ്മയും ഉണ്മയും! 'അമ്മ'യുടെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട വനിതാരത്നങ്ങളെയും ഒപ്പമുള്ള നടന്മാരെയും അഭിനന്ദിക്കുന്നു. ശ്വേതാമേനോനും കുക്കു പരമേശ്വരനും ജോയ് മാത്യുവും ഉണ്ണി ശിവപാലും മറ്റും അടങ്ങുന്ന ഈ പുതിയ ഭരണസമിതിക്ക് എന്റെ അഭിവാദ്യങ്ങൾ! തീർച്ചയായും ഇതൊരു നല്ല തുടക്കമാണ്. ദീർഘകാലമായി പുരുഷാധിപത്യം പുലരുന്ന ഇടം എന്ന് പഴി കേട്ട ആ സംഘടനയുടെ അധികാരക്കസേരകളിൽ ഇരിക്കാൻ സ്ത്രീകൾക്ക് അവസരം ലഭിച്ചത് നിസ്സാരകാര്യമല്ല.

അതേ സമയം 'അമ്മ ചരിത്രം മാറ്റിയെഴുതി' എന്നൊക്കെ അഭിപ്രായപ്പെടുന്നവരുടെ കൂട്ടത്തിൽ ഞാനില്ല. കാരണം, രാജിവെച്ച മോഹൻലാൽ അടക്കമുള്ളവരുടെ അനുഗ്രഹാശിസ്സുകളോടെ വന്നവരാണ് ഈ നടിമാർ എന്ന പരമാർത്ഥം എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ 'കുപ്പി പുതിയത്, പക്ഷേ വീഞ്ഞ് പഴയതു തന്നെ' എന്നു മറ്റുള്ളവർ പറയാൻ ഇടവരാതിരിക്കട്ടെ.

ചരിത്രം മാറ്റിയെഴുതണമെങ്കിൽ ഷൂട്ടിംഗ് സ്ഥലത്ത് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ പേരിലും സ്വാഭിമാനത്തിന്റെ പേരിലും അമ്മ വിട്ടുപോയ അനുഗൃഹീത നടികളായ രേവതി, പാർവ്വതി തിരുവോത്ത്, പദ്‌മപ്രിയ, ഭാവന, റീമാ കല്ലിങ്കൽ തുടങ്ങിയവരെ സംഘടനയിൽ തിരിച്ചുകൊണ്ടുവരികയും അവർ ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും വേണം. അതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതെയിരിക്കണം.

ഒരു വസ്‌തുത കൂടി. ഇതൊരു ഇടക്കാലനടപടി മാത്രമാകരുത്. ഭാവിയിലും ഭരണസമിതിയിൽ സ്ത്രീകൾക്ക് പ്രാമുഖ്യമുണ്ടാകണം. അവശത അനുഭവിക്കുന്ന നടീനടന്മാർക്ക്‌ വർഷങ്ങളായി 'അമ്മ' നൽകി വരുന്ന ധനസഹായം വളരെ അഭിനന്ദനീയമായ കാര്യമായി നിലനിൽക്കുന്നു. ഭാവിയിലും എല്ലാ അംഗങ്ങളെയും തൃപ്‌തിപെടുത്തുന്ന വിധത്തിൽ 'അമ്മ'എന്ന സംഘടനയെ മുന്നോട്ടു നയിക്കാൻ ഈ പുതിയ ഭരണസമിതിക്ക് കഴിയട്ടെ എന്ന്‌ ആശംസിക്കുന്നു.

Lyricist and director Sreekumaran Thampi congratulates the new office bearers of the AMMA organization

Next TV

Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall