കൊച്ചി: (moviemax.in)ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവച്ച് നിര്‍മ്മാതാവ് സജി നന്ത്യാട്ട്. സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് രാജി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങളിൽ സജി നന്ത്യാട്ട് സാന്ദ്ര തോമസിനെ പിന്തുണച്ചിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസ് സമര്‍പിച്ച പത്രിക വരണാധികാരി തള്ളിയിരുന്നു.
ചുരുങ്ങിയത് 3 സിനിമകൾ എങ്കിലും നിർമ്മിച്ചാല്‍ മാത്രമേ അസോസിയേഷനിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് ഒരു അംഗത്തിന് മത്സരിക്കാനാവൂ എന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്. സാന്ദ്ര തോമസിന്‍റെ ഉടമസ്ഥതയില്‍ നിലവിലുള്ള നിര്‍മ്മാണ കമ്പനിയായ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് രണ്ട് ചിത്രങ്ങള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ എന്നായിരുന്നു വരണാധികാരിയുടെ കണ്ടെത്തല്‍.
ലിറ്റിൽ ഹാർട്സ്, നല്ല നിലാവുള്ള രാത്രി എന്നിവയാണ് ആ ചിത്രങ്ങള്‍. എന്നാല്‍ മറ്റൊരു കമ്പനിയുടെ മാനേജിംഗ് പാര്‍ട്നര്‍ താനായിരുന്നുവെന്നും ആ ബാനറില്‍ എടുത്ത ചിത്രങ്ങള്‍ തന്‍റെ പേരിലാണ് സെന്‍സര്‍ ചെയ്തിരിക്കുന്നതെന്നും സാന്ദ്ര വാദിച്ചിരുന്നു. വിജയ് ബാബുവുമായി ചേര്‍ന്ന് ചിത്രങ്ങള്‍ നിര്‍മ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്‍റെ കാര്യമാണ് സാന്ദ്ര സൂചിപ്പിച്ചത്. ഒരു സ്ഥിരം അംഗത്തിന് മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെങ്കില്‍ മത്സരത്തിന് യോഗ്യതയുണ്ടെന്നാണ് സംഘടനാ നിയമാവലിയില്‍ പറയുന്നതെന്നും ഒന്‍പത് സിനിമകള്‍ തന്‍റെ പേരില്‍ സെന്‍സര്‍ ചെയ്തിട്ടുണ്ടെന്നുമാണ് സാന്ദ്ര തോമസിന്‍റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെയും സമീപിച്ചിരിക്കുകയാണ് നിലവില്‍ സാന്ദ്ര തോമസ്.
Producer Saji Nanthiyat resigns from the post of General Secretary of the Film Chamber