(moviemax.in) വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ നടൻ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ച് കൊച്ചി സൈബർ പൊലീസ്. വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് കണ്ടാണ് പൊലീസ് വിട്ടയച്ചത്. താൻ ഫേയ്സ്ബുക്കിൽ കവിത എഴുതിയതാണെന്ന് വിനായകൻ പ്രതികരിച്ചു. വിഎസ് അന്തരിച്ച സമയത്ത് ഇട്ട പോസ്റ്റിന്റെ പേരിലായിരുന്നു ചോദ്യംചെയ്യൽ. വിനായകനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനായകനെ സൈബർ പൊലീസ് വിളിച്ചുവരുത്തിയത്.
നിരന്തരം അധിക്ഷേപങ്ങൾ നടത്തുന്ന വിനാകയനെതിരെ രൂക്ഷവിമർശനമാണ് കോണ്‍ഗ്രസ് നേതാക്കൾ ഉയർത്തുന്നത്. ഫേസ്ബുക്കിലൂടെ തുടർച്ചയായി അശ്ലീലവും അധിക്ഷേപവും ചൊരിയുന്ന നടൻ വിനായകൻ ഒരു പൊതുശല്യമെന്നാണ് കോൺഗ്രസ് നേതാവ് പ്രതികരിച്ചത്. സർക്കാർ വിനായകനെ പിടിച്ച് കൊണ്ടുപോയി ചികിത്സിക്കണമെന്നും എല്ലാ കലാകാരന്മാർക്കും നടൻ അപമാനമാണെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
നടൻ വിനായകൻ ഒരു പൊതുശല്യം ആണ്. വിനായകനെ സർക്കാർ പിടിച്ച് കൊണ്ടുപോയി ചികിത്സിക്കണം. എല്ലാ കലാകാരന്മാർക്കും അപമാനമായി മാറിയിരിക്കുകയാണ് ഈ നടൻ. എല്ലാത്തിനും പിന്നിൽ ലഹരിയാണ് എന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അടൂർ ഗോപാലകൃഷ്ണനെതിരെയും ഗായകൻ യേശുദാസിനെതിരെയും വിനായകൻ അശ്ലീല പോസ്റ്റ് ഇട്ടത്. ഇന്ന് എല്ലാത്തിനും ക്ഷമ ചോദിച്ച് മറ്റൊരു പോസ്റ്റിട്ടെങ്കിലും പിന്നാലെ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച് വീണ്ടും ഫേസ്ബുക്കിലെഴുതുകയായിരുന്നു. ഇത് വീണ്ടും വിവാദമായി. അതിനിടയിലാണ് മറ്റൊരു പോസ്റ്റിൻ്റെ പേരിൽ ഇന്ന് ചോദ്യം ചെയ്ത് വിട്ടയച്ചത്.
Kochi Cyber Police releases actor Vinayakan after questioning over controversial Facebook post