നടി ശ്വേത മേനോനെതിരെ പൊലീസ് കേസ്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്.
എന്നാല്‍ ശ്വേത മേനോന്‍ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ശ്വേത മേനോന്‍ അഭിനയിച്ച ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അതിലൊക്കെ അശ്ലീല രംഗങ്ങളാണെന്നാണ് മാര്‍ട്ടിന്‍ മേനാച്ചേരി പരാതി നല്‍കിയത്.
പാലേരിമാണിക്യം. രതിനിര്‍വേദം, ശ്വേത മേനോന്‍റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, ഒപ്പം ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രവുമാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രേക്ഷകര്‍ കണ്ടതും ഇപ്പോഴും പൊതുമധ്യത്തില്‍ ലഭ്യവുമായ ചിത്രങ്ങളാണ് ഇവ. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി.
പൊലീസ് ആദ്യം അവഗണിച്ച പരാതിയായിരുന്നു ഇത്. എന്നാല്‍ പരാതിക്കാരന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോവുകയും അവിടെനിന്ന് കോടതി നിര്‍ദേശ പ്രകാരം സെന്‍ട്രല്‍ പൊലീസിന്‍റെ കേസ് എടുക്കുകയുമായിരുന്നു. നഗ്നമായി അഭിനയിച്ച രംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചെന്ന് എഫ്ഐആറിലുണ്ട്.
Complaint filed against Shweta Menon for earning money through pornographic films