( moviemax.in ) അമ്മ ഭാരവാഹി തെരഞ്ഞെടുപ്പിൽ ജഗദീഷിന്റെ നിർണായക നീക്കം. പ്രസിഡൻറ് സ്ഥാനത്തേക്ക് വനിതയെ പരിഗണിച്ചാൽ മത്സരത്തിൽ നിന്ന് പിന്മാറാമെന്ന് ജഗദീഷ്. മോഹൻലാലിനെയും മമ്മൂട്ടിയെയും നിലപാട് അറിയിച്ചു. സുരേഷ് ഗോപിയുമായും സംസാരിച്ചു. അമ്മ വനിതകൾ നയിക്കട്ടെയെന്നാണ് ജഗദീഷിന്റെ നിലപാട്. മുതിർന്ന താരങ്ങളുടെ അനുമതിയാണ് ഇനി ജഗദീഷിന് വേണ്ടത്.
ഉറപ്പു ലഭിച്ചാൽ ജഗദീഷ് മത്സരത്തിൽ നിന്നും പിൻവാങ്ങും. ഭാരവാഹി സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ വരണമെന്ന് കെബി ഗണേഷ് കുമാർ നേരത്തെ പ്രതികരിച്ചിരുന്നു. സ്ത്രീവിരുദ്ധ സംഘടനയാണ് അമ്മ എന്ന ചർച്ചകളുണ്ടെന്നും അത് മാറണമെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു. പുതിയ സാഹചര്യത്തിൽ സ്ത്രീകൾ നയിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്പത്തിക അച്ചടക്കത്തിൽ ഉൾപ്പെടെ കൂടുതൽ ശ്രദ്ധയുണ്ടാകും. സംഘടനയുടെ പണം ധൂർത്തടിക്കുന്ന കൈകളിലേക്ക് പോകരുത്. ഭൂരിപക്ഷം പേരും തന്റെ അഭിപ്രായത്തോട് യോജിക്കും എന്നാണ് പ്രതീക്ഷ. നേതൃത്വം വനിതകൾ ഏറ്റെടുക്കണം. പ്രധാന പദവികളിൽ സ്ത്രീകൾ വരണം. ഇനിയൊരു മാറ്റം വരട്ടെ എന്നാണ് മോഹൻലാൽ ഒഴിയുമ്പോൾ പറഞ്ഞത്. 'അമ്മ' എന്ന പേര് അന്വർത്ഥമാക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
പ്രമാണിമാർ മാത്രമാണ് മത്സരിക്കുന്നത് എന്ന പ്രചാരണം ഉണ്ടായിരുന്നു. സംഘടനയിൽ ജനാധിപത്യം ഇല്ലെന്ന പ്രചാരണവും ഉണ്ടായിരുന്നു. സ്ത്രീകൾ നേതൃത്വത്തിൽ വന്നാൽ ഇതിനെല്ലാം പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. സംഘടനയെപ്പറ്റി തെറ്റിധാരണ ഈ സമൂഹത്തിലുണ്ടെന്നും അത് മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ആറുപേരാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത്. ജഗദീഷ്, ശ്വേതാ മേനോൻ, ദേവൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരാണ് ആറ് പേർ. നടൻ ജോയ് മാത്യുവിന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. എന്നാൽ ജോയ് മാത്യുവിൻ്റെ പത്രിക തള്ളിയിരുന്നു.
നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബന്റെയും വിജയരാഘവന്റെയും പേരുകളും ഉയർന്നു കേട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനും, പിന്നീട് സംഘടനയിലെ ഭരണസമിതി അംഗങ്ങൾക്കെതിരെ അടക്കം ലൈംഗികപീഡന പരാതികൾ ഉയർന്നതിനും പിന്നാലെയാണ് നേതൃത്വം ഒഴിവായത്. പുതിയ സമിതിയെ തെരഞ്ഞെടുക്കുന്നത് വരെ അഡ്ഹോക് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Jagadish says he will withdraw from the presidential race in the AMMA office bearer election