(moviemax.in) മലയാളികളുടെ സ്വകാര്യ അഹങ്കാരം, മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് 62-ാം പിറന്നാൾ. പ്രായം വെറുമൊരു നമ്പർ മാത്രമാണ് കെ എസ് ചിത്രയുടെ പാട്ടുകൾക്ക് മുന്നിൽ. അതിലുപരി എന്നും ചിരിച്ചുകൊണ്ട് മാത്രമിരിക്കുന്ന മുഖം.
വിവിധ ഇന്ത്യന്‍ ഭാഷകളിലായി 25,000 ല്‍ അധികം ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുള്ള ചിത്ര മറുഭാഷക്കാരുടെയും പ്രിയങ്കരിയാണ്. മലയാളികളെ സംബന്ധിച്ച് പ്രിയപ്പെട്ട ഗായിക എന്നതിനൊപ്പം സാസ്കാരിക ലോകത്തെ സൗമ്യവും ദീപ്തവുമായ സാന്നിധ്യം കൂടിയാണ് കെ എസ് ചിത്ര. കാലത്തിനൊപ്പം പ്രായമാകാത്ത സ്വരമാധുരിയുടെ ഉടമയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളും ആരാധകരും.
സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് പിതാവ് കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം തന്നെ ആയിരുന്നു സംഗീതത്തിലെ ആദ്യ ഗുരു. പിന്നീട് ഡോ. കെ. ഓമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു. 1978 മുതൽ 1984 വരെ കേന്ദ്ര ഗവൺമെന്റിന്റെ നാഷനൽ ടാലന്റ് സേർച്ച് സ്കോളർഷിപ്പ് ലഭിച്ചു. ഓമനക്കുട്ടിയുടെ സഹോദരൻ കൂടിയായ എം.ജി. രാധാകൃഷ്ണൻ ആണ് 1979-ൽ ആദ്യമായി മലയാള സിനിമയിൽ പാടാൻ ചിത്രക്ക് അവസരം നൽകിയത്. എം.ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിൽ "ചെല്ലം ചെല്ലം" എന്ന ഗാനം പാടി. ഒരു വർഷത്തിനു ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്.
മലയാളത്തിനൊപ്പം തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക്, ഒഡിയ, പഞ്ചാബി, രാജസ്ഥാനി, മറാഠി, തുളു തുടങ്ങി ചിത്ര പാടാത്ത ഇന്ത്യന്‍ ഭാഷകള്‍ കുറവായിരിക്കും. അവിടങ്ങളിലെയെല്ലാം സംഗീതപ്രേമികള്‍ക്ക് ഓര്‍ക്കാന്‍ നൊടി പോലും വേണ്ടാത്ത ചിത്രയുടെ ഗാനങ്ങളുമുണ്ട്. അത് തന്നെയാണ് ഈ ഗായികയുടെ വിജയവും. ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്കാരങ്ങള്‍ പല കാലങ്ങളിലായി ചിത്രയെ തേടി എത്തിയിട്ടുണ്ട്. ആറ് ദേശീയ പുരസ്കാരങ്ങളും 43 സംസ്ഥാന പുരസ്കാരങ്ങളും 10 ഫിലിം ഫെയര്‍ അവാര്‍ഡുകളും ചിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്. രാജ്യം 2005 ല്‍ പദ്മശ്രീയും 2021 ല്‍ പദ്മ ഭൂഷണും നല്‍കി ഈ മഹാഗായികയെ ആദരിച്ചു.
കലാജീവിതം തുടങ്ങി അഞ്ച് പതിറ്റാണ്ടിന് ഇപ്പുറവും കേള്‍ക്കുന്ന പാട്ടുകള്‍ക്കപ്പുറം നമ്മുടെ നിത്യജീവിതത്തിന്‍റെ ഭാഗമാണ് കെ എസ് ചിത്ര. പിന്നണി ഗായിക എന്നതിനൊപ്പം വിധികര്‍ത്താവായി റിയാലിറ്റി ഷോകളിലും ഒപ്പം ലൈവ് സ്റ്റേജ് ഷോകളിലുമായി ചിത്രയെ കണ്ടുകൊണ്ടും കേട്ടുകൊണ്ടുമിരിക്കുകയാണ് സംഗീത പ്രേമികള്‍. ഏത് സാഹചര്യത്തിലും ആസ്വാദകന്‍റെ മനസിന് സാന്ത്വനം പകരുന്ന സാന്നിധ്യമായി തുടരും എണ്ണമറ്റ ആ മനോഹര ഗാനങ്ങള്‍.
Malayalam's Vanambadi KS Chitra celebrates his 62nd birthday today