(moviemax.in)വിപ്ലവ സൂര്യൻ വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി സിനിമാ ലോകവും. വി എസിനെ അനുസ്മരിച്ച് നിരവധി നടന്മാരും നായികമാരുമാണ് രംഗത്തെത്തിയത്. നടൻ മനോജ് കെ. ജയൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വി.എസിനോടുള്ള ആദരവ് പ്രകടിപ്പിച്ചു. തൻ്റെ രണ്ടാമത്തെ സംസ്ഥാന അവാർഡ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനിൽ നിന്ന് ഏറ്റുവാങ്ങിയ നിമിഷം അഭിമാനത്തോടെ ഓർത്തെടുക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.
"എന്റെ രണ്ടാമത്തെ സംസ്ഥാന അവാർഡ്, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആദരണീയനായ സഖാവ് വി.എസിൽ നിന്ന് വാങ്ങാൻ കഴിഞ്ഞ... ആ നിമിഷത്തെ വളരെ അഭിമാനപൂർവ്വം ഇന്നോർക്കുന്നു. ആദരാഞ്ജലികൾ... പ്രണാമം," മനോജ് കെ. ജയൻ തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് യാത്രാമൊഴി നല്കാൻ വൻ ജനാവലിയാണ് തിങ്ങി കൂടിയത്. റോഡിന്റെ ഇരുവശങ്ങളിലും ആയിരക്കണക്കിന് ആളുകളാണ് വി.എസിനെ അവസാനമായി ഒരു നോക്ക് കാണാനായി കാത്തുനിൽക്കുന്നത്. ആലപ്പുഴ വലിയ ചുടുകാട്ടിൽ വെച്ച് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വി.എസിന്റെ മൃതദേഹം സംസ്കരിക്കും. കേരളത്തിന്റെ സമരഭൂമിയിൽ വി.എസ്. അന്ത്യവിശ്രമം കൊള്ളും.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വി.എസ്. അച്യുതാനന്ദൻ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 101 വയസ്സായിരുന്നു അദ്ദേഹത്തിന്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിമാരിലൊരാളും ശക്തനായ പ്രതിപക്ഷ നേതാവുമായിരുന്നു അദ്ദേഹം.
സി.പി.ഐ.എമ്മിൻ്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച വി.എസ്., അക്ഷരാർത്ഥത്തിൽ സമരകേരളത്തിന്റെ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്ന് ഇറങ്ങിവന്ന് സി.പി.ഐ.എം. രൂപീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച അവസാന നേതാവ് കൂടിയാണ് ഓർമ്മയായത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വർഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരു യുഗം കൂടിയാണ് വി.എസിന്റെ വിയോഗത്തോടെ അവസാനിക്കുന്നത്.
Manoj KJayan's Facebook post in memory of VS achuthanandan