കന്നഡ സീരിയൽനടിയും അവതാരകയുമായ ശ്രുതിക്ക് (സി. മഞ്ജുള-38) കത്തിക്കുത്തിൽ പരിക്ക്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടി അപകടനില തരണംചെയ്തതായി ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ നടിയുടെ ഭർത്താവ് അമരേഷിനെ ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തു. കുടുംബവഴക്കിനിടെ അമരേഷ് ശ്രുതിയെ കത്തിക്കൊണ്ട് കുത്തിപ്പിരിക്കേൽപ്പിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.
ഹനുമന്ദനഗറിലെ ഇവരുടെ വീട്ടിൽവെച്ചാണ് അക്രമംനടന്നത്. ഈ മാസം നാലിനാണ് സംഭവം. നടിക്കുനേരേ മുളകുപൊടി വിതറിയതിനുശേഷം കത്തികൊണ്ട് പലതവണ കുത്തിപ്പരിക്കേൽപ്പിച്ചു. അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ശ്രുതി കുട്ടികൾക്കൊപ്പം ഏതാനുംമാസമായി അമരേഷിൽനിന്നും അകന്ന് കഴിയുകയായിരുന്നു. അക്രമംനടന്നതിന്റെ മൂന്നുദിവസം മുൻപാണ് നടിയുംകുട്ടികളും വീട്ടിലേക്ക് തിരികെ വന്നത്.
കൊലപാതകശ്രമത്തിന്റെ വകുപ്പ് ചുമത്തിയാണ് അമരേഷിന്റെ പേരിൽ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. ‘അമൃതധാരെ’ എന്ന ജനപ്രിയ കന്നഡ സീരിയലിലെ അഭിനയത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് ശ്രുതി.
Actress sruthi stabbed with knife after being thrown with chili powder, husband arrested