നടൻ ഉണ്ണി മുകുന്ദൻ മുൻ മാനേജർ വിപിൻ കുമാറിനെ മർദ്ദിച്ചെന്ന കേസില്‍ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. മർദ്ദനം നടന്നതായി തെളിവില്ലെന്ന് കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽ നിന്നാണ് ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ലെന്ന കുറ്റപത്രം ഇൻഫോപാർക്ക് പോലീസ് സമർപ്പിക്കുന്നത്.
എന്നാൽ പിടിവലിയുണ്ടാവുകയും ഇതിൽ വിപിന്‍ കുമാര്‍ എന്ന മുന്‍ മാനേജരുടെ കണ്ണട പൊട്ടുകയും ചെയ്തു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം. സംഭവസമയത്ത് വൈകാരികമായ പ്രതികരണമാണ് ഉണ്ണി മുകുന്ദന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഉണ്ണി മുകുന്ദനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ താരസംഘടനയായ അമ്മയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും രണ്ട് പേരോടും വിശദീകരണം തേടിയിരുന്നു. ഉണ്ണി മുകുന്ദനും വിപിൻ കുമാറും തമ്മിലുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഉണ്ണി മുകുന്ദൻ തന്നോട് മാപ്പ് പറഞ്ഞുവെന്ന് വിപിന്‍ കുമാറും എന്നാല്‍ അങ്ങനെ നടന്നിട്ടില്ലെന്ന് ഫെഫ്കയും പറഞ്ഞിരുന്നു.
ടൊവിനോ തോമസ് ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മുകുന്ദന്‍ പ്രകോപിതനായെന്നും തന്നെ മര്‍ദ്ദിച്ചുവെന്നും ചൂണ്ടിക്കാട്ടി വിപിന്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കേസിന്‍റെ തുടക്കം. പിന്നാലെ താന്‍ വിപിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും അതിന് തെളിവുണ്ടങ്കില്‍ അഭിനയം നിര്‍ത്തുമെന്നും ഉണ്ണി മുകുന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയും ചെയ്തിരുന്നു.
Police chargesheet in case of Unni Mukundan and former manager