'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിന്‍ ഷാഹിര്‍ അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ജാമ്യം നൽകി വിട്ടയക്കും. ഇരുന്നൂറ് കോടിയോളം രൂപ നേടി ഹിറ്റായ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം രചനയും സംവിധാനവും നിർവഹിച്ച് 2024ൽ ഇറങ്ങിയ ചിത്രം കേരളത്തിനകത്തും പുറത്തും വലിയ സ്വീകാര്യത നേടിയിരുന്നു.
സിനിമയുടെ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് പ്രതികൾ ഏഴ് കോടി രൂപ തട്ടിയെടുത്തെന്നാണ് സൗബിൻ അടക്കമുള്ളവർക്കെതിരെയുള്ള കേസ്. സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് സിറാജ് വലിയതുറ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
പ്രതികൾ കുറ്റം ചെയ്തതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഗൗരവമുള്ള കുറ്റകൃത്യം സംബന്ധിച്ച പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പറഞ്ഞ് കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തുടക്കത്തിൽ തന്നെ തള്ളിയിരുന്നു.
എന്നാൽ, സിറാജ് സിനിമക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യ സമയത്ത് നൽകാതിരുന്നതിനാൽ കനത്ത നഷ്ടം സഹിക്കേണ്ടി വന്നു എന്നായിരുന്നു കുറ്റാരോപിതരുടെ വാദം. കൃത്യ സമയത്ത് പണം ലഭിക്കാത്തതിനാൽ ഷൂട്ട് ഷെഡ്യൂളുകൾ മുടങ്ങുകയും, ഷൂട്ടിങ് നീണ്ടു പോകുകയും ചെയ്‌തെന്നും വാദിച്ചിരുന്നു.
പ്രതികൾക്ക് നേരത്തെ ഹൈകോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോൾ, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഹൈകോടതി നിർദേശിച്ചിരുന്നു. അറസ്റ്റ് ചെയ്താലുടൻ ജാമ്യത്തിൽ വിട്ടയക്കണമെന്നും പൊലീസിന് ഹൈകോടതി നിർദേശം നൽകിയിരുന്നു.
Manjummal Boys financial fraud case Actor Soubin Shahir arrested