@iamunnimukundan എന്ന ഒഫിഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ച് നടൻ ഉണ്ണി മുകുന്ദന്‍. ഫേസ്ബുക്ക് പേജിലൂടെയാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്. @iamunnimukundan എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് വരുന്ന ഏതെങ്കിലും അപ്ഡേറ്റോ ഡയറക്റ്റ് മെസേജുകളോ സ്റ്റോറികളോ മറ്റ് ഉള്ളടക്കങ്ങളോ തന്‍റേതല്ലെന്നും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്യുന്നവയാണെന്നും ഉണ്ണി മുകുന്ദന്‍ അറിയിച്ചു.
“അവയുമായി എന്‍ഗേജ് ചെയ്യരുത്. സംശയം തോന്നുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവെക്കുകയും അരുത്”, ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രശ്നം പരിഹരിക്കാന്‍ ആവശ്യമായ സഹായം തേടിയിട്ടുണ്ടെന്നും വിവരങ്ങള്‍ വെരിഫൈഡ് ചാനലുകളിലൂടെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഗെറ്റ് സെറ്റ് ബേബി ആണ് ഉണ്ണി മുകുന്ദന്‍റേതായി അവസാനം തിയറ്ററുകളില്‍ എത്തിയ സിനിമ. കോമഡി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ഡോ. അര്‍ജുന്‍ ബാലകൃഷ്ണന്‍ എന്ന ഗൈനക്കോളജിസ്റ്റിനെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ചത്. വിനയ് ഗോവിന്ദ് ആയിരുന്നു ചിത്രത്തിന്‍റെ സംവിധാനം.
ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ആദ്യ 100 കോടി ഗ്രോസര്‍ ആയ മാര്‍ക്കോ കഴിഞ്ഞ വര്‍ഷാവസാനമാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ചിത്രം ഇതരഭാഷാ സിനിമാപ്രേമികളുടെയും കൈയടി നേടിയിരുന്നു. വിശേഷിച്ചും ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന മിണ്ടിയും പറഞ്ഞും എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി അടുത്ത് തിയറ്ററുകളില്‍ എത്താനുള്ള ചിത്രം.
അതേസമയം മാര്‍ക്കോയുടെ നേരത്തെ പ്രഖ്യാപിച്ചിരുന്ന രണ്ടാം ഭാഗത്തില്‍ താന്‍ ഉണ്ടാവില്ലെന്ന് ഉണ്ണി മുകുന്ദന്‍ പ്രഖ്യാപിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായാണ് ഉണ്ണി ഇക്കാര്യം അറിയിച്ചത്. "മാര്‍ക്കോ സിരീസ് തുടരാനുള്ള ആലോചന ഞാന്‍ അവസാനിപ്പിച്ചു.
ആ പ്രോജക്റ്റിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി ഉണ്ട്. മാര്‍ക്കോയേക്കാള്‍ വലുതും മികച്ചതുമായ ഒന്ന് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കും. സ്നേഹത്തിനും പോസിറ്റിവിറ്റിക്കും നന്ദി”, ഉണ്ണി മുകുന്ദന്‍റെ കുറിച്ചിരുന്നു. അതേസമയം ഉണ്ണി മുകുന്ദന്‍ ഒഴിവായാലും മാര്‍ക്കോയ്ക്ക് തുടര്‍ച്ചയുണ്ടാവുമെന്ന് സൂചിപ്പിച്ച് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ക്യൂബ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു.
actor Unni Mukundan says his Instagram account was hacked