(moviemax.in) പ്രേം നസീറിനെക്കുറിച്ച് നടന്‍ ടിനി ടോം അടുത്തിടെ ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശം അദ്ദേഹത്തിന്‍റെ ആരാധകരില്‍ നിന്നും ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പ്രേം നസീര്‍ അവസാനകാലത്ത് മാനസികമായി വിഷമിച്ചിരുന്നുവെന്നും താരപദവി പോയതും അവസരം നഷ്ടപ്പെട്ടതുമായിരുന്നു കാരണമെന്നും ടിനി ടോം പറഞ്ഞിരുന്നു.
വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ടിനി ടോം പറയുന്നതെന്നായിരുന്നു വിമര്‍ശകരുടെ ആക്ഷേപം. ഇപ്പോഴിതാ വിവാദത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ടിനി ടോം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
“മലയാള സിനിമയുടെ ദൈവമാണ് നസീര്‍ സാര്‍. നസീര്‍ സാറിനെ ആരാധിക്കുന്ന ഒരുപാട് പേരുണ്ട്. അതിലൊരാളാണ് ഞാന്‍. അത്രയും വലിയൊരു താരത്തിനെതിരെ മോശം പരാമര്‍ശം നടത്താന്‍ ഞാന്‍ ആരാണ്? ഒരു ഇന്‍റര്‍വ്യൂവില്‍ നിന്നും ചുരണ്ടിയെടുത്തിട്ട് തെറ്റായിട്ട് വ്യാഖ്യാനിച്ച് പല വാര്‍ത്തകളും പുറത്തുവിടുകയാണ്.
നസീര്‍ സാറിനെ ഞാന്‍ നേരിട്ട് കണ്ടിട്ടുപോലുമില്ല. നമ്മുടെ ഒരു സീനിയര്‍ തന്ന ഇന്‍ഫര്‍മേഷന്‍ ആണ് ഞാന്‍ പറഞ്ഞത്. ഇപ്പോള്‍ അദ്ദേഹം കൈ മലര്‍ത്തുന്നുണ്ട്. അത് ഞാന്‍ അന്തരീക്ഷത്തില്‍ നിന്ന് ആവാഹിച്ച് എടുത്തതല്ല. കേട്ട വിവരം വച്ചിട്ട് ഞാന്‍ പറഞ്ഞ ഒരു കാര്യമാണ്. അത് ഒരിക്കലും അദ്ദേഹത്തെ മോശപ്പെടുത്താനോ അവഹേളിക്കാനോ അല്ല.
ഒരാളെയും ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കരുതെന്ന് കരുതി അതനുസരിച്ച് ജീവിക്കുന്ന ആളാണ് ഞാന്‍. ഇങ്ങനെയൊരു സംഭവം (വിവാദം) ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേദന ഉണ്ടാക്കുന്നതാണ്. പ്രേം നസീര്‍ സുഹൃദ് സമിതി ലോകം മുഴുവനുമുണ്ട്. അതില്‍ എന്‍റെ സുഹൃത്തുക്കള്‍ ഉണ്ട്. അതിന്‍റെ ഭാരവാഹികളെയൊക്കെ എനിക്ക് അടുത്തറിയാം.
ഞാന്‍ അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പും ക്ഷമയും ചോദിക്കാന്‍ ഞാന്‍ തയ്യാറാണ്. ഇത്രയും വലിയൊരു ലെജന്‍ഡിന്‍റെ കാല്‍ക്കല്‍ വീഴാനും ഞാന്‍ തയ്യാറാണ്. അദ്ദേഹത്തിന്‍റെ മകന്‍ ഷാനവാസുമായി ഞാന്‍ സ്ഥിരമായി ചാറ്റ് ചെയ്യാറുണ്ട്. ആരാധന കൊണ്ട് തന്നെയാണ് അതൊക്കെ. വാര്‍ത്തകളില്‍ വന്നതുപോലെ വേദനിപ്പിക്കാന്‍ ഒരിക്കലും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ചിന്തിച്ചിട്ടുമില്ല. എന്‍റെ ഭാഗത്ത് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു”, ടിനി ടോം വീഡിയോയില്‍ പറയുന്നു.
നിലവില്‍ യുകെയിലാണ് ടിനി ടോം. പ്രേം നസീറിനെക്കുറിച്ച് ടിനി ടോം അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശം ഇങ്ങനെ- “നസീര്‍ സാര്‍ മനസ് വിഷമിച്ചാണ് മരിച്ചതെന്നാണ് പറയുന്നത്. കാരണം അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം പോയി. എല്ലാ ദിവസവും കാലത്ത് മേക്കപ്പ് ഇട്ട് ഇറങ്ങും. പക്ഷെ സിനിമയില്ല. ബഹദൂറിന്റെയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും. അങ്ങനെ മനസ് വിഷമിച്ചാണ് മരിച്ചതെന്നാണ് പറയുന്നത്”, ടിനി ടോം പറഞ്ഞിരുന്നു.
Tiny Tom apologizes for defaming Prem Nazir