( moviemax.in ) ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് സോണി ലിവ് ഓടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ചുരുളി. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലടക്കം വലിയ പ്രേക്ഷകപ്രീതി നേടിയ ശേഷമാണ് ചിത്രം റിലീസിനെത്തിയത്. എന്നാൽ, ഒടിടി റിലീസിന് പിന്നാലെ ചിത്രത്തിലെ തെറി പ്രയോഗം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ, തെറിയില്ലാത്ത ഒരു വേർഷനും ചിത്രീകരിച്ചിരുന്നു എന്ന് പറയുകയാണ് നടൻ ജോജു ജോർജ്. തെറിപ്രയോഗങ്ങളുള്ള ചിത്രം അവാർഡിനേ അയക്കൂ എന്നായിരുന്നു പറഞ്ഞിരുന്നത്. ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം ലഭിച്ചില്ലെന്നും ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.
'ചുരുളിൽ ഈ തെറി പറയുന്ന ഭാഗം അവാർഡിനേ അയക്കുകയുള്ളൂ എന്ന് പറഞ്ഞാണ് അവർ അഭിനയിച്ചത്. അതിന് തെറി ഇല്ലാത്ത ഒരു വേർഷനുണ്ട്. പക്ഷേ, അവർ അത് റിലീസ് ചെയ്തു. ഞാൻ ഇപ്പോൾ അത് ചുമന്നുകൊണ്ട് നടക്കുകയാണ്. അത് റിലീസ് ചെയ്യുന്നെങ്കിൽ പറയേണ്ട ഒരു മര്യാദയുണ്ടായിരുന്നു. ചുരുളിയിൽ അഭിനയിച്ചതിന് പണം ഒന്നും ലഭിച്ചിട്ടില്ല. ഇക്കാര്യം ഞാൻ നേരിട്ട് പ്രകടിപ്പിച്ചിട്ടുമുണ്ട്. അതിന്റെ പേരിൽ കേസ് വന്നതും എനിക്കാണ്. ഒരു മര്യാദയുടെ പേരിൽ പോലും ആരും വിളിച്ചുചോദിച്ചില്ല. പക്ഷേ, ഞാൻ ജീവിക്കുന്ന നാട്ടിൽ ഇതൊക്കെ വലിയ പ്രശ്നമായിരുന്നു. പറഞ്ഞിട്ട് കാര്യമില്ല, അത് അങ്ങനെ സംഭവിച്ചു', ജോജു പറഞ്ഞു.
ലിജോ പെല്ലിശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേർന്ന് നിർമിച്ച ചിത്രമായിരുന്നു ചുരുളി. ഒരു കാടായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലം. വെറും 19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് എസ്. ഹരീഷാണ്. ജോജുവിന് പുറമെ, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ഗീതി സംഗീത തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനതാരങ്ങൾ. സൗബിൻ ഷാഹിർ, ജാഫർ ഇടുക്കിവരും ചിത്രത്തിൽ വേഷമിട്ടിരുന്നു. മധു നീലകണ്ഠനായിരുന്നു ഛായാഗ്രഹണം.
jojugeorge churuli controversy uncensored version