(moviemax.in) നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത് ഡ്രൈവർ ഉറങ്ങിപ്പോയതിനാലെന്ന് സൂചന. റോഡിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. മുൻ സീറ്റിലായിരുന്നു പിതാവ് ചാക്കോ ഇരുന്നത്. ഇടിയുടെ ആഘാതത്തിൽ തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് മരണ കാരണമെന്നാണ് വിവരം. ഷെെൻ ഏറ്റവും പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. ഇപ്പോൾ ധർമപുരി ഗവ. മെഡിക്കൽ കോളജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
സേലം–ധർമപുരി–ഹൊസൂർ–ബെംഗളൂരു ദേശീയപാതയിൽ സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയിലാണ് ഷൈനിന്റെ വാഹനവും അപകടത്തിൽപെട്ടത്. ധർമപുരിക്ക് അടുത്ത് പാലക്കോട് എന്ന മേഖലയിലെ പറയൂരിൽ വച്ചായിരുന്നു അപകടം. തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം ഷൈൻ ചില ഷൂട്ടിങ്ങുകളിൽ പങ്കെടുത്തിരുന്നു. തുടർ ചികിത്സക്കായാണ് ബെംഗളൂരുവിലേക്ക് കുടുംബസമേതം പോയത് എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഇന്നലെ രാത്രി 10 മണിയോടെയാണ് കുടുംബം കൊച്ചിയിൽ നിന്നും യാത്ര തിരിച്ചത്.
ഷൈനിന്റെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. അൽപസമയത്തിനകം തന്നെ ശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം. ഷൈനിന്റെ അമ്മയുടെ ഇടുപ്പിനു പരുക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. സഹോദരനും അസിസ്റ്റന്റിനും കൈകൾക്ക് പരുക്കുണ്ട്. പിതാവിന്റെ മൃതദേഹമുള്ള ആശുപത്രിയിൽ തന്നെയാണ് ഇവരുടെ ചികിത്സയും നടക്കുന്നത്. പിതാവിന്റെ മൃതദേഹത്തിനൊപ്പം ഷൈനും കുടുംബവും നാട്ടിലേക്ക് എത്തി കൊച്ചിയിലായിരിക്കും തുടർ ചികിത്സ നടത്തുക എന്നാണ് വിവരം.
shinetomchacko family suffers fatal road accident