(moviemax.in) മോഹൻലാൽ നായകനായ പുതിയ ചിത്രം തുടരും ഒടിടിയിൽ പ്രദർശനം തുടരുകയാണ്. തിയേറ്ററിൽ മികച്ച സ്വീകാര്യത ലഭിച്ച സിനിമയ്ക്ക് ഒടിടിയിലും മികച്ച അഭിപ്രായം തന്നെയാണ് ലഭിക്കുന്നത്. സിനിമയുടെ ഹൈപ്പുകളിൽ പ്രധാന കാരണങ്ങളിൽ ഒന്ന് ശോഭനയുടെയും മോഹൻലാലിന്റേയും വർഷങ്ങൾക്ക് ശേഷമുള്ള ഒത്തുകൂടൽ കൂടി ആയിരുന്നു. ഇപ്പോഴിതാ സിനിമയിലെ ടോർച്ചറിങ് സീനിനിടയിൽ ഉണ്ടായ ചെറിയ അപകടത്തേക്കുറിച്ചും തരുൺ മൂർത്തി എന്ന സംവിധായകനെക്കുറിച്ചും പറയുകയാണ് ശോഭന.
ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയ പ്രകാശ് വർമയുമൊത്തുള്ള സീനിലെ ഒരു രംഗത്തിൽ തന്റെ കൈയിൽ ഒരു അടി കിട്ടിയെന്നും ഇനി ഇങ്ങനെ ഉണ്ടാകരുതെന്ന് താൻ തരുണിനോട് പറഞ്ഞുവെന്നും ശോഭന പറഞ്ഞു. പ്രകാശ് വർമ്മയെ കുറ്റം പറയാൻ കഴിയില്ലെന്നും തനിക്ക് ഇത്തരം രംഗങ്ങൾ പേടിയാണെന്നും ശോഭന കൂട്ടിച്ചേർത്തു.
'പ്രകാശ് വർമയുമായുള്ള ആക്ഷൻ രംഗത്തിൽ ഞാൻ പെട്ടു എന്ന് തന്നെ പറയാം. വിരലിൽ ഒരു അടി കിട്ടി. പക്ഷെ അത് നമുക്ക് കാണിക്കാൻ പറ്റുമോ. തരുണിനോട് ഇങ്ങനെ ഒന്നും സംഭവിക്കരുതെന്ന് ഞാൻ എപ്പോഴും പറയും. കാരണം എനിക്ക് പേടിയാണ്. ആ ഫൈറ്റ് സീക്വൻസ് കഴിഞ്ഞിട്ടും ഇല്ല. ഇത് ഇങ്ങനെ ആയി, ഇനി ആവർത്തിക്കരുത് ഞാൻ വരില്ല തരുണിനോട് പറയും. പ്രകാശ് ഫുൾ ഫോഴ്സിലാണ്. അദ്ദേഹത്തെ നമുക്ക് കുറ്റം പറയാൻ കഴിയില്ല. ഞാൻ എന്റെ വിരൽ അബദ്ധത്തിൽ അവിടെ വെച്ചതാണ്. പക്ഷെ എന്ത് പറഞ്ഞാലും വളരെ രസമുള്ളതായിരുന്നു ഷൂട്ടിംഗ്,' ശോഭന പറഞ്ഞു.
വളരെ വ്യത്യസ്‍തനായ സംവിധായകൻ ആണ് തരുൺ മൂർത്തി എന്നും അദ്ദേഹത്തിന്റെ സിനിമ ലൊക്കേഷനിൽ കുടുംബം മുഴുവൻ ഉണ്ടായിരുന്നുവെന്നും ശോഭന പറഞ്ഞു. കുടുംബവുമായി അദ്ദേഹത്തിന് വലിയ ആത്മബന്ധമുണ്ടെന്നും സിനിമയിലെ ഇമോഷനുകൾ എല്ലാം ആ കുടുംബത്തില്‍ നിന്ന് കൂടി ലഭിച്ചതാവും എന്നും ശോഭന കൂട്ടിച്ചേർത്തു.
shobhan shares experience film thudarum