---
title: "'തീ വളയം ശരീരത്തിൽ അണിയുന്നു, സൈക്കിളിൽ തീയുമായി മോഹൻലാലിന്റെ അവിശ്വസനീയ പ്രകടനം'; വൈറലായി വീഡിയോ"
english_title: "Mohanlal  bicycle stunt VishnuLokam movie video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/293153/mohanlal-bicycle-stunt-vishnulokam-movie-video-goes-viral"
published_at: "2025-05-30T13:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68396bb65862b_lal.jpg"
keywords: []
---

# 'തീ വളയം ശരീരത്തിൽ അണിയുന്നു, സൈക്കിളിൽ തീയുമായി മോഹൻലാലിന്റെ അവിശ്വസനീയ പ്രകടനം'; വൈറലായി വീഡിയോ

> **Lead Summary:** മലയാള സിനിമയുടെ ആക്ഷൻ സൂപ്പർസ്റ്റാർ എന്ന പദവിക്ക് അർഹനായ ഒരേയൊരു നടനാണ് മോഹൻലാൽ. നാല് പതിറ്റാണ്ടുകൾക്ക് മുകളിൽ നീണ്ട തന്റെ കരിയറിൽ ഒട്ടനവധി അമ്പരപ്പിക്കുന്ന സ്റ്റണ്ട് സീനുകൾ കൊണ്ട് പ്രേക്ഷകരുടെ പ്രശംസകൾ നേടിയിട്ടുണ്ട് താരം. മലയാള സിനിമയിൽ സജീവമായിട്ടുള്ള ഏതാണ്ട് എല്ലാ സംഘട്ടന സംവിധായകരും എന്നും തങ്ങൾക്ക് ഒന്നിച്ചു പ്രവർത്തിക്കാൻ ഏറ്റവും ഇഷ്ടമുള്ള നടനായി തിരഞ്ഞെടുത്തത് മോഹൻലാലിനെയാണ്. തന്റെ സ്റ്റണ്ടുകൾക്ക് കഴിയുന്നതും ഒരു ഡ്യൂപ്പിന്റെ സഹായം തേടാൻ പോലും താരം തയ്യാറാവാറില്ല.

## Article Content

മലയാള സിനിമയുടെ ആക്ഷൻ സൂപ്പർസ്റ്റാർ എന്ന പദവിക്ക് അർഹനായ ഒരേയൊരു നടനാണ് മോഹൻലാൽ. നാല് പതിറ്റാണ്ടുകൾക്ക് മുകളിൽ നീണ്ട തന്റെ കരിയറിൽ ഒട്ടനവധി അമ്പരപ്പിക്കുന്ന സ്റ്റണ്ട് സീനുകൾ കൊണ്ട് പ്രേക്ഷകരുടെ പ്രശംസകൾ നേടിയിട്ടുണ്ട് താരം. മലയാള സിനിമയിൽ സജീവമായിട്ടുള്ള ഏതാണ്ട് എല്ലാ സംഘട്ടന സംവിധായകരും എന്നും തങ്ങൾക്ക് ഒന്നിച്ചു പ്രവർത്തിക്കാൻ ഏറ്റവും ഇഷ്ടമുള്ള നടനായി തിരഞ്ഞെടുത്തത് മോഹൻലാലിനെയാണ്. തന്റെ സ്റ്റണ്ടുകൾക്ക് കഴിയുന്നതും ഒരു ഡ്യൂപ്പിന്റെ സഹായം തേടാൻ പോലും താരം തയ്യാറാവാറില്ല.

മോഹൻലാലിൻറെ സ്റ്റണ്ട് രംഗങ്ങളിൽ ഒരിക്കലും മറക്കാനാവാത്ത ഒന്നാണ് 1991ൽ പുറത്തിയിറങ്ങിയ വിഷ്ണുലോകം എന്ന ചിത്രത്തിൽ മോഹൻലാൽ നടത്തിയ സൈക്കിൾ സ്റ്റണ്ട്. സിംഗിൾ ഷോട്ടിൽ, ഡ്യൂപ്പ് ഇല്ലാതെ, സൈക്കിളിന് മുകളിൽ തീ പന്തവുമായി കമൽ സംവിധാനം ചെയ്ത ചിത്രത്തിൽ സൂപ്പർതാരം നടത്തിയ അവിസ്മരണീയ പ്രകടനം ഇപ്പോൾ വീണ്ടും വൈറൽ ആവുകയാണ്.

തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷം മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് നായകൻ മോഹൻലാലിന്റെ അത്യുഗ്രൻ പ്രകടനത്തെ കുറിച്ചാണ്. ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിലെ സൂപ്പർതാരത്തിന്റെ സംഘട്ടനരംഗങ്ങൾ ആരാധകരെയും സിനിമ പ്രേക്ഷകരെയും ഒരുപോലെ ആവേശം കൊള്ളിച്ചിരുന്നു. പ്രത്യേകിച്ച്, പോലീസ് സ്റ്റേഷൻ സംഘട്ടന രംഗത്തിൽ ഒരു ഡ്യൂപ്പ് പോലുമില്ലാതെ ഒറ്റ കൈ കുത്തി എടുത്തു ചാടുന്ന ലാലേട്ടനെ എത്ര കണ്ടിട്ടും മതിയായിട്ടില്ല പ്രേക്ഷകർക്ക്.

ഇതിനിടെ മോഹൻലാൽ ഫാൻസ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത വിഷ്ണുലോകത്തിലെ സൈക്കിൾ സ്റ്റണ്ട് സീൻ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കുകയാണ്. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വിഡിയോയിൽ, ഒരു കൈയിൽ തീ കത്തി നിൽക്കുന്ന വളയവുമേന്തി, മറുകൈകൊണ്ട് സൈക്കിൾ ഓടിക്കുന്ന മോഹൻലാലിനെ കാണാനാവും. സിംഗിൾ ഷോട്ട് ആയി എടുത്ത സീനിൽ ക്രമേണ സൈക്കിളിന്റെ വേഗം കൂടുന്നതും, തീ വളയം മോഹൻലാൽ സ്വന്തം ശരീരത്തിൽ അണിയുന്നതും കാണാം. 34 വർഷങ്ങൾക്ക് മുൻപേ റിലീസായ കമൽ ചിത്രത്തിൽ സൂപ്പർസ്റ്റാർ നടത്തിയ അവിശ്വസനീയ പ്രകടനം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/293153/mohanlal-bicycle-stunt-vishnulokam-movie-video-goes-viral)