(moviemax.in) ഉണ്ണി മുകുന്ദനെ വിവാദത്തിലാക്കി നടൻ മാനേജർ വിപിൻ കുമാർ നൽകിയ പരാതി. നരിവേട്ട എന്ന സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. ഉണ്ണി മുകുന്ദന്റെ ഇമേജിനെ വരെ ബാധിക്കുന്ന ആരോപണങ്ങൾ വിപിൻ കുമാറിന്റെ പരാതിയിലുണ്ട്. മാർക്കോയ്ക്ക് ശേഷം ഹിറ്റ് സിനിമ ലഭിക്കാത്തതിന്റെ ഫ്രസ്ട്രേഷൻ ഉണ്ണി മുകുന്ദനുണ്ടെന്നാണ് വിപിൻ കുമാർ പറയുന്നുണ്ട്. കൂടാതെ നടി നിഖില വിമലുമായി ഉണ്ണി മുകുന്ദനുള്ള പ്രശ്നവും പരാതിയിൽ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്.
'കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണി മുകുന്ദന്റെ പ്രൊഫഷണൽ മാനേജരായി ജോലി ചെയ്ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടെയും സിനിമാ പ്രൊമോഷൻ പ്രവർത്തനങ്ങളും ചെയ്ത് വരികയാണ്. ഉണ്ണി മുകുന്ദന്റെ കൂടെ പ്രവർത്തിച്ച കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപ്പിക്കുകയും തേജോ വധം ചെയ്യുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ച പലർക്കും മുൻകാലങ്ങളിൽ ഇതേ അനുഭവങ്ങൾ ഉണ്ടായതിനെ തുടർന്ന് പുറത്ത് പോയിട്ടുള്ളതാണ്'.
'അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായിരുന്ന ചിത്രമാണ് മാർക്കോ. എന്നാൽ അതിന് ശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്ന് മുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അസ്വാരസത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന നിലയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നെയും ബാധിച്ചിട്ടുണ്ട്,' വിപിൻ കുമാറിന്റെ പരാതിയിൽ പറയുന്നതിങ്ങനെ.
നിഖില വിമൽ ആണ് ഗെറ്റ് സെറ്റ് ബേബിയിൽ ഉണ്ണി മുകുന്ദന്റെ നായികയായെത്തിയത്. വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത സിനിമ ഫെബ്രുവരി 21 നാണ് റിലീസ് ചെയ്തത്. ഉണ്ണി മുകുന്ദന് നിഖില വിമലുമായി പ്രശ്നമുണ്ടെന്ന വെളിപ്പെടുത്തൽ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. സിനിമാ രംഗത്ത് ഒരു താരത്തോട് ഉണ്ണി മുകുന്ദന് ശത്രുതയുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.
യാതൊരു പ്രകോപനവും കൂടാതെ എന്നെ മോശമായ ഭാഷയിൽ അസഭ്യം പറയുകയും എന്റെ മുഖത്തിരുന്ന വില കൂടിയ കൂളിംഗ് ഗ്ലാസ് എറിഞ്ഞുടയ്ക്കുകയും ചെയ്തു. (ഗ്ലാസ് ഉണ്ണി മുകുന്ദൻ ശത്രുത വെച്ച് പുലർത്തുന്ന മറ്റൊരു പ്രമുഖതാരം എനിക്ക് ഗിഫ്റ്റ് തന്നതാണെന്ന് അദ്ദേഹത്തിന് അറിവുള്ളതാണ്. അതുകൊണ്ട് കൂടിയാണ് എറിഞ്ഞുടച്ചത്), പരാതിയിൽ പറയുന്നതിങ്ങനെ.
തന്നെ മർദ്ദിക്കാൻ ശ്രമിക്കുന്ന മറ്റൊരു ഫ്ലാറ്റിലെ താമസക്കാരൻ കാണുകയും ഉണ്ണി മുകുന്ദനെ പിടിച്ച് മാറ്റുകയുമായിരുന്നെന്നും ഇനി മുന്നിൽ കണ്ടാൽ കൊന്ന് കളയുമെന്ന് നടൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്. 'മേൽപറഞ്ഞ വ്യക്തി മുമ്പും ഇത്തരം നിരവധി ക്രിമിനൽ കേസുകളിലടക്കം പ്രതിയായിട്ടുള്ളതാണ്. മുൻപും പലരെയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ഒപ്പം പ്രവർത്തിച്ച കാലയളവിൽ ഞാൻ നേരിട്ട് മനസിലാക്കിയിട്ടുള്ളതുമാണ്,' പരാതിയിൽ പറയുന്നതിങ്ങനെ.
പരാതിയിൽ ഉണ്ണി മുകുന്ദൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാർക്കോയുടെ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്റെ താരമൂല്യം കുതിച്ചുയർന്നതായിരുന്നു. എന്നാൽ കരിയറിൽ വിജയങ്ങൾ വരുമ്പോഴെല്ലാം ഉണ്ണി മുകുന്ദൻ വിവാദങ്ങളിൽ അകപ്പെടാറുണ്ട്. കരിയറിൽ കയറ്റിറക്കങ്ങൾ ഒരുപാട് ഉണ്ണി മുകുന്ദനുണ്ടായിട്ടുണ്ട്. മാളികപ്പുറം എന്ന സിനിമയുടെ വിജയത്തിന് ശേഷമാണ് നടൻ താര പദവിയിലേക്ക് വന്നത്.
unnimukundan faces allegation manager indirectly mentioned issue nikhilavimal